ഗ്രീസ് രക്ഷാപദ്ധതി വ്യവസ്ഥകളില്‍ യൂറോപ്യന്‍ യൂണിയനുമായി ധാരണയിലെത്തിെ
Wednesday, August 12, 2015 6:43 AM IST
ബ്രസല്‍സ്: ഏതന്‍സ്: ആഴ്ചകള്‍ നീണ്ടുപോയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഗ്രീക്ക് രക്ഷാപദ്ധതി വ്യവസ്ഥകളില്‍ ഗ്രീക്ക് സര്‍ക്കാരും യൂറോ സോണും ധാരണയിലെത്തിെ. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും യൂറോപ്യന്‍ കമ്മീഷനും മുന്നോട്ടുവച്ച കടുത്ത വ്യവസ്ഥകള്‍ക്ക് പൂര്‍ണമായി വഴങ്ങാന്‍ ഗ്രീസ് തയാറായതോടെ കരാറിനു തത്വത്തില്‍ അംഗീകാരമായി. താഴ പറയുന്ന വ്യവസ്ഥകളിലാണ് ഗ്രീസുമായി ധാരണയില്‍ എത്തിയത്:

2022 നുള്ളില്‍ പെന്‍ഷന്‍ പ്രായം 67 ആയി ഉയര്‍ത്തുക

ബാങ്കുകളുടെ കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ കാര്യക്ഷമമായ സംവിധാനം ഉടന്‍ സ്വീകരിക്കുക

അടുത്ത ബജറ്റ് മുതല്‍ ബജറ്റ് കമ്മി ഒഴിവാക്കുക

2018 ലെ ബജറ്റ് മിച്ചം 3.5 ആയി ഉയര്‍ത്തുക

സാമൂഹികക്ഷേമ നടപടികള്‍ ഭാഗികമായി അവസാനിപ്പിക്കുക

പ്രധാന തുറമുഖങ്ങള്‍ സ്വകാര്യവത്കരിക്കുക

പുതിയ തൊഴില്‍മേഖലകള്‍ തുറക്കുക

നികുതി വര്‍ധിപ്പിക്കുക തുടങ്ങിയവയാണു വ്യവസ്ഥകള്‍.

ഈ വ്യവസ്ഥകള്‍ക്ക് ഗ്രീക്ക് പാര്‍ലമെന്റും യൂറോപ്യന്‍ യൂണിയനും അംഗീകാരം നല്‍കുന്നതോടെ കരാര്‍ പ്രാബല്യത്തിലാകും. പദ്ധതിക്ക് ഇനി രാഷ്ട്രീയാംഗീകാരം ആവശ്യമാണെന്നും കമ്മീഷന്‍ അറിയിച്ചു. മൂന്നുവര്‍ഷത്തിനിടെ തവണകളായി 8600 കോടി യൂറോയാണു ഗ്രീസിനു സഹായം അനുവദിക്കുന്നത്. ഗ്രീസിലെ സര്‍ക്കാര്‍ വക സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിച്ച് ലഭിക്കുന്ന തുക പ്രത്യേക ഫണ്ടായി നീക്കിവയ്ക്കണമെന്ന നിര്‍ദേശത്തെച്ചൊല്ലി ഗ്രീക്ക് സര്‍ക്കാരും യൂറോപ്യന്‍ യൂണിയനും തമ്മില്‍ അഭിപ്രായവ്യത്യാസം നിലനിന്നിരുന്നുവെങ്കിലും അതും ഗ്രീസ് അംഗീകരിച്ചു. ഗ്രീക്ക് പാര്‍ലമെന്റ് കരാറിന് ഉടന്‍ അംഗീകാരം നല്‍കിയില്ലെങ്കില്‍ ഓഗസ്റ് 20ന് അവധിയെത്തുന്ന 300 കോടി ഡോളര്‍ വായ്പ തിരിച്ചടക്കാന്‍ പ്രയാസപ്പെടും. ഇതു വീണ്ടും പ്രതിസന്ധി ഉണ്ടാക്കുമോ എന്ന് യൂറോപ്യന്‍ യൂണിയനും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിനും ആശങ്കയുണ്ട്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍