ഖുര്‍ആന്‍ ലോക സമാധാനത്തിനുള്ള സിദ്ധൌഷധം
Wednesday, August 12, 2015 6:11 AM IST
ദുബായി: വിശുദ്ധ ഖുര്‍ആന്‍ ലോകസമാധാനത്തിനുള്ള സിദ്ധൌഷധമാണെന്ന് ഖുര്‍ആന്‍ ഗവേഷകനും പ്രമുഖ വാഗ്മിയുമായ നൌഷാദ് കാക്കവയല്‍ പ്രസ്താവിച്ചു. ദുബായി ഇസ്ലാഹി സെന്റര്‍ സംഘടിപ്പിച്ച 'ഖുര്‍ആന്‍ ഹൃദയവസന്തം' പരിപാടിയില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.

വക്രതയില്ലാത്ത ഭാഷയില്‍ അവതരിപ്പിക്കപ്പെട്ടതിനാല്‍ കാലഘട്ടങ്ങള്‍ക്കതീതമായി നിലനില്‍ക്കുന്ന കൃത്യമായ നിലപാടുകളാണു വിശുദ്ധ ഖുര്‍ആനിന്റേത്. കേവലം പാരായണത്തിലോ പാരായണഭംഗിയിലോ ശ്രദ്ധ ചെലുത്താതെ സൂക്തങ്ങളുടെ ആഴങ്ങളിലേക്കിറങ്ങി മനസിലാക്കാനും ജീവിതത്തില്‍ പകര്‍ത്താനുമുള്ളതാണു വിശുദ്ധ ഖുര്‍ആനെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

ജാതി,മത, രാഷ്ട്രീയ വിഭാഗീയതകളോ അതിര്‍വരമ്പുകളോ ഇല്ലാതെ സര്‍വര്‍ക്കും കാരുണ്യസ്പര്‍ശം എന്നു നിഷ്കര്‍ഷിച്ച വേദഗ്രന്ഥമാണ് ഖുര്‍ആന്‍. ഈ സ്നേഹസന്ദേശത്തെ അവഗണിച്ചതാണ് ഇന്നു ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നടക്കുന്ന കലാപങ്ങളുടെയും സ്ഫോടനങ്ങളുടെയും കാരണമെന്നും ഇവര്‍ ഇസ്ലാമിന്റെയും ഖുര്‍ആനിന്റെയും ശത്രുക്കളുടെ ഉപകരണങ്ങള്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുബായി അല്‍ബറാഹ കെഎംസിസി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ദുബായി ഇസ്ലാഹി സെന്റര്‍ വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. കെഎംസിസി ആക്ടിംഗ് ജനറല്‍ സെക്രട്ടറി ആര്‍. അബ്ദുള്‍ ഷുക്കൂര്‍, യൂസുഫ് താളാനൂര്‍, അബ്ദുള്‍ ജലീല്‍ കരിയാട് പ്രസംഗിച്ചു.