സ്വാമി ഉദിത് ചൈതന്യയുടെ പ്രഭാഷണം ആത്മസാക്ഷാത്കാരത്തിന്റ നിമിഷങ്ങളായി
Wednesday, August 12, 2015 5:03 AM IST
ന്യൂജേഴ്സി: ശ്രീഗുരുവായൂരപ്പന്റെ ക്ഷേത്രത്തില്‍ നാമം ഒരുക്കിയ സ്വാമി ഉദിത് ചൈതന്യയുടെ ആത്മീയ പ്രഭാഷണം ഭക്തജനങ്ങള്‍ക്കു മോക്ഷദായകമായ നിമിഷങ്ങളായി. 2015 ഓഗസ്റ് രണ്ടാം തീയതി ന്യൂജേഴ്സി മോര്‍ഗന്‍വില്ലെ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍വച്ച് നടത്തിയ പ്രഭാഷണത്തില്‍ സ്വാമി ഭഗവത് വചനങ്ങളെ കാലോചിതമായി വ്യാഖ്യാനിച്ചപ്പോള്‍ അത് ഭക്തജനങ്ങള്‍ക്ക് ആത്മവിചിന്തനത്തിന്റേയും ആത്മസാക്ഷാത്കാരത്തിന്റേയും ദിവസമായി. കര്‍മ്മോത്സുകമായ ജീവല്‍പ്രാരാബ്ധങ്ങളില്‍പ്പെട്ടുഴറുന്ന മനുഷ്യന് ആത്മശാന്തിക്കും ആത്മസാക്ഷാത്കാരത്തിനും ധ്യാനത്തിന്റെ ആവശ്യകതയെപ്പറ്റി സ്വാമി ചൂണ്ടിക്കാട്ടി.

നാമത്തിന്റെ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ എന്നും ആത്മീയതയ്ക്കു മുന്‍തൂക്കം നല്‍കിയിരുന്നു എന്ന് സ്വാഗത പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടിയ പ്രസിഡന്റ് ഡോ. ഗീതേഷ് തമ്പി ഈ പരിപാടിയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ച സഞ്ജീവ് കുമാര്‍, സജിത് ഗോപിനാഥ് എന്നിവരെയും മറ്റ് ടീം അംഗങ്ങളെയും പ്രത്യേകം അനുമോദിച്ചു.

ജയ് നായര്‍ അവതരിപ്പിച്ച ഭക്തിഗാനത്തോടെ ആരംഭിച്ച ചടങ്ങില്‍ മാലിനി നായരും സംഘവും അവതരിപ്പിച്ച നൃത്തപരിപാടിയും, ഡോ. ആഷാ വിജയകുമാര്‍, ലക്ഷ്മി ജയശങ്കര്‍, റിഷി നായര്‍ എന്നിവര്‍ ആലപിച്ച ഭക്തിഗാനവും, ശ്രീവര്‍ഷ കാലോത്തും പ്രണതി അമ്പാട്ടിയും ചേര്‍ന്ന് അവതരിപ്പിച്ച ഭജനും ചടങ്ങിന് മിഴിവേകി. വിവിധ സാമൂഹിക-സാംസ്കാരിക നേതാക്കളും പങ്കെടുത്ത ചടങ്ങ് മഹാപ്രസാദത്തിനുശേഷം പരിപാടിയുടെ എം.സിയായിരുന്ന അരുണ്‍ ഗോപാലകൃഷ്ണന്‍ നാമത്തിനുവേണ്ടി നന്ദി അറിയിച്ചു. രാജശ്രീ പിന്റോ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം