ഇന്ത്യക്കാരന് ജര്‍മനിയിലെ പരമോന്നത ബഹുമതി
Tuesday, August 11, 2015 8:21 AM IST
ബര്‍ലിന്‍: ഇന്ത്യക്കാരനായ പ്രഫസര്‍ രാഘവേന്ദ്ര ഗഡ്കര്‍ക്ക് ദി ക്രോസ് ഓഫ് ഓര്‍ഡന്‍ ഓഫ് ദ മെറിറ്റ് ബഹുമതി. ജര്‍മനിയിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയാണിത്. ബിഹേവിയറല്‍ ഇക്കോളജിയിലും സോഷ്യോബയോളജിയിലും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചും ഇന്ത്യ-ജര്‍മന്‍ ഗവേഷണ സഹകരണം ശക്തമാക്കിയത് പരിഗണിച്ചുമാണ് ബഹുമതി. ബംഗളൂരുവിലെ ജര്‍മന്‍ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ ബഹുമതി സമ്മാനിച്ചു.

ലോകപ്രശസ്ത പ്രമുഖ സോഷ്യോ ബയോളജിസ്റാണ് പ്രഫ. രാഘവേന്ദ്ര ഗഡ്കര്‍. ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ സെന്റര്‍ ഫോര്‍ ഇക്കോളജിക്കല്‍ സയന്‍സില്‍ പ്രഫസറാണ് ബംഗളൂരുവില്‍ സ്ഥിര താമസക്കാരനായ രാഘവേന്ദ്ര.

ചെറുപ്രാണികളുടെ സാമൂഹിക ജീവശാസ്ത്ര പഠനത്തില്‍ രാജ്യത്തെ വിദഗ്ധരിലൊരാളാണ് രാഘവേന്ദ്ര. ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാഡമിയുടെ പ്രസിഡന്റു കൂടിയായ അദ്ദേഹം 270 ഓളം ഗവേഷണപ്രബന്ധങ്ങളും രണ്ട് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍