സ്വിറ്റ്സര്‍ലന്‍ഡില്‍ ക്രൂരമായി മാനഭംഗം ചെയ്യപ്പെട്ടത് ഇന്ത്യക്കാരി
Saturday, August 8, 2015 8:06 AM IST
ലുറ്റ്സേണ്‍: സ്വിറ്റ്സര്‍ലന്‍ഡിലെ ലുറ്റ്സേണ്‍ ജില്ലയില്‍ കഴിഞ്ഞ ജൂലൈ 21നു ക്രൂരമായി മാനഭംഗം ചെയ്യപ്പെട്ടത് ഇന്ത്യക്കാരി എന്നു ലുറ്റ്സേണ്‍ പോലീസ് അറിയിച്ചു.

യുവതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിരുന്നില്ല. വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തിയ പോലീസ് യുവതി എന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂ. 26 വയസ് പ്രായമുള്ള യുവതി ജോലി കഴിഞ്ഞ് സൈക്കിളില്‍ വീട്ടിലേക്കു വരുമ്പോള്‍ പൊതുവഴിയിലാണ് ആക്രമിക്കപ്പെട്ടതും ക്രൂരമായ മാനഭംഗത്തിനിരയായതും. സൈക്കിളില്‍നിന്നു താഴെ വീണ യുവതിയെ ആക്രമി എമ്മെന്‍ റുസ് നദീതീരത്തെ കുറ്റിക്കാട്ടിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയാണ് ആക്രമിച്ചത്. യുവതിയുടെ നട്ടെല്ലിനു മാരകമായ ക്ഷതമേറ്റിരുന്നു.

നഴ്സ് ആയി ജോലി ചെയ്തിരുന്ന യുവതി ഇന്ത്യയിലാണു ജനിച്ചത്. ബാല്യത്തിലേ സ്വിറ്റ്സര്‍ലന്‍ഡില്‍ വന്ന് വിദ്യാഭാസത്തിനുശേഷം അംഗവൈകല്യം ഉള്ളവര്‍ക്കുവേണ്ടിയുള്ള സ്ഥാപനത്തില്‍ സേവനം ചെയ്തു വരികയായിരുന്നു. ജോലി ചെയ്യുന്ന സ്ഥാപനത്തില്‍നിന്ന് ഒരു കിലോമീറ്റര്‍ പരിധിക്കുള്ളില്‍ത്തന്നെയായിരുന്നു യുവതി താമസിച്ചിരുന്നത്. സ്ഥിരമായി യാത്ര ചെയ്യുന്ന പൊതുവഴിയില്‍ ഇത്രയും ക്രൂരമായി ആക്രമിക്കപ്പെട്ടതു സ്വിസ് ജനതയെ ഒന്നടങ്കം നടുക്കി.

യുവതി ഇപ്പോഴും ആശുപത്രിയിലാണ്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന യുവതിക്ക് പക്ഷാഘാവും ഉണ്ടായി. യുവതിയുടെ കഴുത്തിനു താഴോട്ട് പൂര്‍ണമായും തളര്‍ന്നതായി ആശുപത്രി അധികൃതരും പാരപ്ളേഗി വകുപ്പും അറിയിച്ചു.

ആക്രമിയെ ഇതുവരെയും പിടികൂടാനായില്ല. ഇയാളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസിനു ലഭ്യമായിട്ടില്ല. വെള്ളക്കാരനും സ്വദേശ ഭാഷയായ ജര്‍മന്‍ വശമില്ലാത്തവനും 1.70 നും 1.80 (മീറ്റര്‍) ഇടയില്‍ ഉയരവുമുള്ള ആളാണ് പ്രതിയെന്നു പോലീസ് പറയുന്നു. ആക്രമിയെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്കു പോലീസ് ഏഴു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ സംഘടനകള്‍ യുവതിക്കു വേണ്ടി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു മുന്നോട്ടു വരുന്നുണ്ട്.

കഴിഞ്ഞ വര്‍ഷമാണ് ഒരു സ്വിസ് വനിത ഇന്ത്യയില്‍ മാനഭംഗത്തിനിരയായതും ലോക മാധ്യമങ്ങളില്‍ വാര്‍ത്തയായതും.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍