ഗ്രീക്ക് കരാര്‍ ഈ മാസം പൂര്‍ത്തിയാകില്ല: ജര്‍മനി
Saturday, August 8, 2015 7:57 AM IST
ബര്‍ലിന്‍: ഗ്രീസിനു മൂന്നാമത്തെ സാമ്പത്തിക രക്ഷാ പാക്കേജ് അനുവദിക്കാനുള്ള കരാര്‍ ഈ മാസം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നു ജര്‍മനി. ഓഗസ്റ് രണ്ടിനു മുമ്പ് ഗ്രീസ് 3.4 ബില്യന്‍ യൂറോ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിനു തിരിച്ചടയ്ക്കേണ്ടതുണ്ട്. ഇതിനു മുമ്പു കരാറിന്റെ വിശദാംശങ്ങള്‍ പൂര്‍ത്തിയാകാന്‍ ഒരു സാധ്യതയുമില്ലെന്നാണു ജര്‍മന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍.

എന്നാല്‍, ഈ മാസംതന്നെ കരാര്‍ യാഥാര്‍ഥ്യമാകുമെന്നാണു പ്രതീക്ഷയെന്നു യൂറോപ്യന്‍ കമ്മീഷന്‍ മേധാവി ഴാങ് ക്ളോദ് ജങ്കര്‍ പറയുന്നു. ഇരുപതിനു മുമ്പുതന്നെ ഇതു സാധ്യമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഇപ്പോള്‍ യൂറോപ്യന്‍ കമ്മീഷന്‍, ഇസിബി, ഇയു ബെയ്ല്‍ഔട്ട് ഫണ്ട്, ഐഎംഎഫ് എന്നിവയുടെ പ്രതിനിധികള്‍ ഏഥന്‍സില്‍ കരാര്‍ സംബന്ധിച്ച് ഗ്രീക്ക് അധികൃതരുമായി ചര്‍ച്ച നടത്തിവരികയാണ്. എന്നാല്‍, ഈ നടപടിക്രമങ്ങള്‍ക്കു വേഗം പോരെന്നാണു ജര്‍മന്‍ സര്‍ക്കാരിന്റെ വിലയിരുത്തല്‍.

ഇനിയും നിരവധി കാര്യങ്ങളില്‍ വ്യക്തത വരുത്താനുണ്ടെന്നാണു പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ജര്‍മന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍