സാന്‍ജോ കലാസന്ധ്യ സെപ്റ്റംബര്‍ 12ന്
Friday, August 7, 2015 5:15 AM IST
ന്യൂഡല്‍ഹി: സീറോ മലബാര്‍ സഭയുടെ ഫരീദാബാദ് രൂപത അവതരിപ്പിക്കുന്ന 'സാന്‍ജോ കലാസന്ധ്യ' സെപ്റ്റംബര്‍ 12നു (ശനി) നടക്കും. വൈകുന്നേരം അഞ്ചിന് ഐഎന്‍എ ത്യാഗരാജ സ്റേഡിയത്തിലാണു പരിപാടി.

റിമി ടോമി ആന്‍ഡ് ടീം അവതരിപ്പിക്കുന്ന ഗാനമേള, ഗിന്നസ് പക്രു ആന്‍ഡ് ടിനി ടോം അവതരിപ്പിക്കുന്ന കോമഡിഷോ, സ്റീഫന്‍ ദേവസിയുടെ കീബോര്‍ഡ് അവതരണം എന്നിവയുണ്ടായിരിക്കും.

കലാസന്ധ്യയുടെ മുന്നോടിയായി രാവിലെ മുതല്‍ ത്യാഗരാജ സ്റേഡിയത്തില്‍ ഇന്‍ഫന്റ് ജീസസ് സ്കൂള്‍ കുട്ടികളുടെ സ്പോര്‍ട്സ് ഡേയുടെ ഭാഗമായി അംഗവൈകല്യമുള്ള കുട്ടികളെക്കൂടി ഉള്‍പ്പെടുത്തി കലാ, കായിക മത്സരങ്ങള്‍ നടത്തുന്നു.

സമൂഹത്തിലെ അശരണരും ആലംബഹീനരുമായവര്‍ക്കും അംഗവൈകല്യം സംഭവിച്ച കുട്ടികള്‍ക്കുംവേണ്ടി രൂപതയുടെ മേല്‍നോട്ടത്തില്‍ നടത്തുന്ന സാമൂഹ്യ സേവന വിദ്യാഭ്യാസപരമായ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി സംഘടിപ്പിക്കുന്ന കലാവിരുന്നില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണം സംഘാടകര്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്