തിരുവിതാംകൂര്‍ ചരിത്രത്തിന്റെ തിരുശേഷിപ്പുകള്‍ പഠിക്കുവാന്‍ നടത്തുന്ന ശ്രമം ശ്ളാഘനീയം: ഗൌരിപാര്‍വതി ബായി തമ്പുരാട്ടി
Thursday, August 6, 2015 6:11 AM IST
തിരുവനന്തപുരം: പ്രവാസി മലയാളി ഫെഡറേഷന്‍ (പിഎംഎഫ്) ഗ്ളോബല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തു നടക്കുന്ന പ്രവാസി മലയാളി കുടുംബ സംഗമത്തിനു തുടക്കംകുറിച്ചുകൊണ്ടു നടന്ന തിരുവിതാംകൂര്‍ ചരിത്രപഠന യാത്രയുടെ ഉദ്ഘാടനം ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ചിത്രാലയത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം പൂയം തിരുനാള്‍ ഗൌരിപാര്‍വതി ബായി തമ്പുരാട്ടി നിര്‍വഹിച്ചു.

തിരുവിതാംകൂര്‍ ചരിത്രം തെറ്റിദ്ധരിക്കപ്പെടുന്ന കാലഘട്ടത്തില്‍ തിരുവിതാംകൂര്‍ ചരിത്രത്തിന്റെ തിരുശേഷിപ്പുകള്‍ പഠിക്കുന്നതിനും പഴമയുടെ നന്മയും പൈതൃകവും പുതുതലമുറയ്ക്കു പകരുന്നതിനും വിദേശമലയാളികള്‍ നടത്തുന്ന ശ്രമം ശ്ളാഘനീയമാണെന്നു പൂയം തിരുനാള്‍ തമ്പുരാട്ടി പറഞ്ഞു.

ചരിത്രസ്മാരകങ്ങള്‍ സംരക്ഷിക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണ്. തിരുവിതാംകൂര്‍ ചരിത്രത്തിന്റെ പ്രൌഡമായ സ്മരണകള്‍ നിറഞ്ഞുനില്‍ക്കുന്ന ഒട്ടനവധി ചരിത്രസ്മാരകങ്ങള്‍ വിസ്മൃതിയുടെ വക്കിലാണ്. ചരിത്രരേഖകളും ചരിത്രസ്മാരകങ്ങളും അമൂല്യ സമ്പത്താണ്. അവയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ വിദേശമലയാളികള്‍ നടത്തുന്ന ശ്രമത്തിനു തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ മംഗളങ്ങള്‍ നേരുന്നു.

തിരുവിതാംകൂര്‍ ചരിത്രപഠനയാത്രയുടെ കോ-ഓര്‍ഡിനേറ്റര്‍ ഡയസ് ഇടിക്കുളയുടെ അധ്യക്ഷത വഹിച്ച ചരിത്രപഠനസദസില്‍ തിരുവിതാംകൂര്‍ രാജവംശത്തിന്റെ ചരിത്രം ആലേഖനം ചെയ്ത ഫലകവും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ ജീവചരിത്ര ഗ്രന്ഥവും വിദേശമലയാളി പ്രതിനിധികള്‍ക്ക് തമ്പുരാട്ടി സമ്മാനിച്ചു. വര്‍ക്കി ഏബ്രഹാം കാച്ചാണത്ത്, ജോസ് മാത്യു പനച്ചിക്കല്‍, ഉമാ മഹേശ്വരി, ശശികുമാര്‍ വര്‍മ, പ്രഫ. മാത്യു സാം, പ്രിന്‍സ് പള്ളിക്കുന്നേല്‍, സബീര്‍ തിരുമല എന്നിവര്‍ പ്രസംഗിച്ചു.

35 രാജ്യങ്ങളില്‍നിന്നും എത്തിയ ഇരുനൂറോളം പ്രതിനിധികള്‍ ചരിത്രപഠനയാത്രയില്‍ പങ്കെടുത്തു.