ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയുടെ പത്താമത് വാര്‍ഷികവും തിരുനാളാഘോഷവും സമാപിച്ചു
Wednesday, August 5, 2015 8:10 AM IST
ന്യൂഡല്‍ഹി: ആര്‍കെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാര്‍ ഇടവകയുടെ പത്താമത് വാര്‍ഷികവും തിരുനാളാഘോഷവും സമാപിച്ചു. തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി പുതിയ സെന്റ് പീറ്റേഴ്സ് ഭവന്റെ വെഞ്ചരിപ്പ് ഫരീദാബാദ് രൂപത ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര നിര്‍വഹിച്ചു. ചടങ്ങില്‍ രൂപതയിലെ നിരവധി വൈദികരും അല്‍മായരും പങ്കെടുത്തു.

സെന്റ് തോമസ് ദേവാലയത്തില്‍ നടന്ന ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബാനക്ക് മാര്‍ ഭരണികുളങ്ങര മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ഫാ. പയസ്, ഫാ. ജോര്‍ജ് മണിമല, ഫാ. ജേക്കബ് നങ്ങേലിമാലില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഇടവകയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു നേടിയ കുട്ടികള്‍ക്കുള്ള സമ്മാനവും വിതരണം ചെയ്തു. തുടര്‍ന്നു വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ച് ആഘോഷമായ പ്രദക്ഷിണം, കലാസന്ധ്യ, ഗാനമേള, കരിമരുന്നു കലാപ്രകടനം, സ്നേഹവിരുന്ന് എന്നിവയും നടന്നു.

ഇടവകയുടെ പത്താമത് വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പ പൊതുയോഗം ജേക്കബ് നങ്ങോലിമാലില്‍ ഉദ്ഘാടനം ചെയ്തു. ഫാ. ജോര്‍ജ് മണിമല, ഫ. പയസ് മേലേക്കണ്ടത്തില്‍, കൈക്കാരന്‍ റെജി നെല്ലിക്കുന്നത്ത് എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും നടന്നു.