പ്രവാസി മലയാളി ഫെഡറേഷന്‍ പുരസ്കാരം ശ്രീകുമാരന്‍ തമ്പിക്കും ഡിഐജി വിജയനും ഉള്‍പ്പെടെ ഏഴു പേര്‍ക്ക്
Tuesday, August 4, 2015 6:18 AM IST
തിരുവനന്തപുരം: പ്രവാസി മലയാളി ഫെഡറേഷന്റെ (പിഎംഎഫ്) ആഭിമുഖ്യത്തില്‍ ഓഗസ്റ് ആറ്, ഏഴ് (വ്യാഴം, വെള്ളി) തീയതികളില്‍ തിരുവനന്തപുരത്തു നടക്കുന്ന പ്രവാസി സംഗമത്തോടനുബന്ധിച്ച് വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഏഴു പേര്‍ക്ക് എക്സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിക്കും.

സംസ്ഥാന ഇന്റലിജന്‍സ് ഡിഐജി പി.വിജയന്‍, ചലചിത്ര ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി, സാമൂഹിക പ്രവര്‍ത്തക അശ്വതി നായര്‍, ഗിന്നസ് ബുക്കില്‍ ഇടം നേടിയ പത്തുവയസുകാരി നേവ ജോമി എന്നിവരാണ് പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ളോബല്‍ എക്സലന്‍സ് അവാര്‍ഡിന് അര്‍ഹരായത്.

ബിസിനസ് രംഗത്തെ പ്രാഗല്ഭ്യത്തിനുള്ള പ്രവാസി മലയാളി ഫെഡറേഷന്‍ ബിസിനസ് എക്സലന്‍സ് പുരസ്കാരങ്ങള്‍ ദുബായിലെ അറിയപ്പെടുന്ന പ്രവാസി മലയാളി വ്യവസായി വര്‍ക്കി ഏബ്രഹാം കാച്ചാണത്ത്, കേരളത്തിലെ അറിയപ്പെടുന്ന യുവവ്യവസായി തോമസ് ഫിലിപ്പ് ഡല്‍റ്റ, സൌദി അറേബ്യയിലെ മലയാളി വ്യവസായി ജോണ്‍ റാല്‍ഫ് എന്നിവര്‍ക്കു ലഭിക്കും.

ഓഗസ്റ് ഏഴിന് തിരുവനന്തപുരം പബ്ളിക് ലൈബ്രററി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ സമ്മാനിക്കും.

അരനൂറ്റാണ്ടായി മലയാള സിനിമയിലെ നിറഞ്ഞ സാന്നിധ്യമാണ് ശ്രീകുമാരന്‍ തമ്പി. ആയിരക്കണക്കിനു ഗാനങ്ങള്‍ രചിച്ചതിനു പുറമേ, നിരവധി സിനിമകള്‍ നിര്‍മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട് അദ്ദേഹം.

സ്റുഡന്റ്സ് പോലീസ് പദ്ധതി, ഔവര്‍ റസ്പോണ്‍സിബിലിറ്റീസ് ടു ചില്‍ഡ്രണ്‍, പാവപ്പെട്ട കുട്ടികള്‍ക്കു വിദ്യാഭ്യാസത്തിനായുള്ള പദ്ധതി തുടങ്ങിയവയ്ക്കു തുടക്കം കുറിച്ചത് പി.വിജയനാണ്.

തിരുവനന്തപുരം ലോ കോളജിലെ രണ്ടാം വര്‍ഷവിദ്യാര്‍ഥിനിയാണ് അശ്വതി നായര്‍. തെരുവില്‍ അലയുന്ന പ്രായമായ മനുഷ്യര്‍ക്കു പ്രവര്‍ത്തിച്ച് ഈ യുവ സാമൂഹിക പ്രവര്‍ത്തക നമുക്കെല്ലാം മാതൃകയാകുന്നു.

കോട്ടയം എബനേസര്‍ ഇന്റര്‍നാഷണല്‍ സ്കൂളിലെ വിദ്യാഥിനിയായ നേവ ജോമി അക്ഷരങ്ങളുടെയും അക്കങ്ങളുടെയും കണക്കുപുസ്തകമാണ്. മലയാളത്തിലും ഇംഗ്ളീഷിലും ഏതെങ്കിലും വാക്കോ, വാക്യമോ പറഞ്ഞാല്‍ നൊടിയിടയില്‍ അതില്‍ എത്ര അക്ഷരങ്ങളുണ്െടന്ന് നേവ പറയും.

ദുബായിയിലെ അറിയപ്പെടുന്ന പ്രവാസി മലയാളി വ്യവസായിയായ വര്‍ക്കി ഏബ്രഹാം കാച്ചാണത്ത് സാമൂഹിക, സാംസ്കാരിക, ജീവികാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.

തോമസ് ഫിലിപ്പ് ഡെല്‍റ്റ കേരളത്തിലെ അറിയപ്പെടുന്ന യുവ വ്യവസായിയും സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവര്‍ത്തകനുമാണ്.

ജോണ്‍ റാള്‍ഫ് സൌദി അറേബ്യയിലെ അറിയപ്പെടുന്ന പ്രവാസി മലയാളി വ്യവസായിയാണ്. സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്.