പൌരസ്ത്യ കത്തോലിക്ക സംഗമത്തില്‍ സീറോ മലബാര്‍ സഭയെ ഉദ്ഘോഷിച്ച റവ. ഡോ. പാലക്കല്‍ അഭിമാനമായി
Tuesday, August 4, 2015 6:15 AM IST
ലണ്ടന്‍: വെസ്റ്മിന്‍സ്റര്‍ അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോളസ് പ്രസിഡന്റായുള്ള സൊസൈറ്റി ഓഫ് സെന്റ് ജോണ്‍സ് ക്രിസോസ്റത്തിന്റെ ആഭിമുഖ്യത്തില്‍ ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്ക ഭദ്രാസന ദേവാലയത്തില്‍ നടത്തിയ പൌരസ്ത്യ കത്തോലിക്കാ സഭകളുടെ സംഗമം പ്രൌഡഗംഭീരമായി.

സീറോ മലബാര്‍ സഭക്ക് പ്രാമുഖ്യം കൊടുത്ത് യുകെയില്‍ ആദ്യമായി നടന്ന ആഘോഷത്തില്‍ പ്രശസ്ത ഗവേഷകനും സംഗീതഞ്ജനുമായ റവ. ഡോ.ജോസഫ് പാലക്കല്‍ സിഎംഐ ആഘോഷമായ ഇംഗ്ളീഷ് പാട്ടുകുര്‍ബാനയെ പരിചയപ്പെടുത്തി നടത്തിയ സീറോ മലബാര്‍ ദിനാഘോഷം സഭാ പ്രഘോഷണോത്സവമായി മാറി.

ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്ക സഭ ബിഷപ് ഹീബ്ളി ഏവരെയും സ്വാഗതം ചെയ്യുകയും സീറോ മലബാര്‍ സഭയുമായുള്ള അടുപ്പവും കേരള സന്ദര്‍ശനവും സിനഡില്‍ പങ്കെടുത്തുമുള്ള ബന്ധം വരെ വികാര വായ്പോടെയാണു സംസാരിച്ചത്. തുടര്‍ന്ന് ഇംഗ്ളീഷ് ഭാഷയില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന ഫാ. ജോസഫ് പാലക്കലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്നു. ആരാധനക്രമ പണ്ഡിതനും ധ്യാന ഗുരുവും ഷ്രൂസ്ബറി രൂപത സീറോ മലബാര്‍ ചാപ്ളെയിനുമായ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി, വെംബ്ളി പാരീഷ് അസിസ്റന്റ്് ഫാ. ജോസഫ് കടുത്താനം സിഎംഐ എന്നിവരോടൊപ്പം ഫാ. മാര്‍ക്ക് വുഡ്റഫ്, ബിഷപ് ഹ്ളീബ് എന്നിവരും സഹകാര്‍മികരായി കുര്‍ബാനയില്‍ പങ്കു ചേര്‍ന്നു.

ഐക്കണുകള്‍ക്കൊണ്ട് അലങ്കരിക്കപ്പെട്ട ഭദ്രാസന ദേവാലയത്തില്‍ 'പുദ്കാനകോന്‍' എന്ന പുരാതന സുറിയാനി ഗീതം ആലപിച്ചാണ് ആഘോഷമായ ഇംഗ്ളീഷ് കുര്‍ബാന ആരംഭിച്ചത്. ത്രീയേക ദൈവത്തെ പുകഴ്ത്തുന്ന 'കന്തീശാ ആലാഹാ' എന്ന സുറിയാനി ഗീതവും ആലപിക്കപ്പെട്ടു.

യുക്രെയ്നിയന്‍- ഗ്രീക്ക് സഭാ പാരമ്പര്യത്തില്‍ കര്‍ട്ടനുകള്‍ക്കുപകരം ഐക്കണുകള്‍ കൊണ്ടലങ്കരിച്ച ഐക്കണോസ്റാസിസ് പരിശുദ്ധ മദ്ബഹായെ ഹൈക്കലായില്‍നിന്നു വേര്‍തിരിച്ചിരിക്കുന്നു. ഉത്ഥാന ഗീതം പാടി ധൂപം അര്‍പ്പിച്ചുകൊണ്ട് ഫാ. ലോനപ്പന്‍ അരങ്ങാശേരി ഐക്കണോസ്റാസിസ് തുറന്ന് പരിശുദ്ധ മദ്ബഹായിലേക്കു പ്രവേശിച്ചു. മദ്ബഹായില്‍ സക്രാരിയോടൊപ്പം പരിശുദ്ധ മാര്‍ത്തോമ സ്ളീവയും വിശുദ്ധ ഗ്രന്ഥവും പ്രതിഷ്ഠിച്ചിരുന്നു. സുവിശേഷ ഗ്രന്ഥവും സ്ളീവയും വഹിച്ചു കൊണ്ട് നടത്തിയ പ്രദക്ഷിണവും മദ്ബഹായില്‍ സീറോമലബാര്‍ വൈദികരോടൊപ്പം ഉക്രേനിയന്‍ ഗ്രീക്ക് പുരോഹിതന്മാരും ചേര്‍ന്ന് ആഘോഷിച്ച അനാഫൊറയും സ്വര്‍ഗീയ അനുഭൂതിയാണ് ഉളവാക്കിയത്.

തുടര്‍ന്നു നടന്ന സെമിനാറില്‍ മാര്‍ത്തോമ ക്രിസ്ത്യാനികളുടെ ചരിത്രത്തെ അവലംബിച്ച് 'കേരളം, ദക്ഷിണേഷ്യയിലെ ക്രൈസ്തവ സഭയുടെ പിള്ളത്തൊട്ടില്‍' എന്ന ഹ്രസ്വചിത്രവും തുടര്‍ന്ന് 'കേരള സഭയുടെ സുറിയാനി പാരമ്പര്യത്തെയും അതിന്റെ പുനരുദ്ധാരണത്തേയും' സംബന്ധിച്ചുള്ള ചിത്രവും പ്രദര്‍ശിപ്പിക്കപ്പെട്ടു.

സെമിനാറില്‍ പങ്കെടുത്തവരില്‍ നിന്നുയര്‍ന്ന ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ചര്‍ച്ചക്ക് നേതൃത്വം നല്‍കിയ റവ. ഡോ.ജോസഫ് പാലയ്ക്കലും റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരിയും മറുപടി നല്‍കി. തുടര്‍ന്നു നടന്ന സീറോ മലബാര്‍ സഭയുടെ പൌരാണികത്വത്തെ വിളിച്ചോതുന്ന പോസ്റര്‍ പ്രദര്‍ശനവും ഏവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു.

ഈ കാലഘട്ടത്തില്‍ യുദ്ധത്താലും മതസ്പര്‍ധയാലും പീഡിപ്പിക്കപ്പെടുന്ന പൌരസ്ത്യ സഭകളെപ്പറ്റി ജോണ്‍ ന്യൂട്ടണ്‍ അവതരിപ്പിച്ച പോസ്ററുകളും പ്രബന്ധവും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്നു നടന്ന യുക്രെയ്നിയന്‍ സഭയുടെ സായാഹ്ന പ്രാര്‍ഥനയോടെ അവിസ്മരണീയമായ ആഘോഷം സമാപിച്ചു.

ഗാന ശുശ്രൂഷയ്ക്ക് ഏറ്റവും മനോഹരവും അനുഭവവുമാക്കി മാറ്റിയ ഡോ. ജേക്കബും ടീമും മികച്ച കോഓര്‍ഡിനേഷന്‍ കൊണ്ട് ആഘോഷം വിജയകരമാക്കിയ ഡോ. മാര്‍ട്ടിന്‍ തോമസ് ആന്റണിയും പ്രത്യേകം അനുമോദനം ഏറ്റുവാങ്ങി.

വാറിംഗ്ടണിലും ലീഡ്സിലും കഴിഞ്ഞ ആഴ്ചയില്‍ നടത്തിയ ആഘോഷങ്ങള്‍ പ്രവാസി നവതലമുറയെ ഹടാതാകര്‍ഷിച്ചിരുന്നു. അടുത്ത ശനിയാഴ്ച ബോള്‍ട്ടണില്‍ റവ. ഡോ.ജോസഫ് പാലയ്ക്കല്‍ സെമിനാര്‍ നയിക്കും.

ഓക്സ്ഫോര്‍ഡില്‍ നടത്തുന്ന അന്തര്‍ദേശീയ സമ്മേളനത്തില്‍ കോണ്‍ഗ്രിഗേഷണല്‍ മ്യൂസിക്കിനെ ആസ്പദമാക്കി പ്രഭാഷണം നടത്താനാണ് റവ. ഡോ.ജോസഫ് പാലക്കല്‍ ഇംഗ്ളണ്ടില്‍ എത്തിച്ചേര്‍ന്നത്.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ