കാനഡ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു ഒക്ടോബര്‍ 19ന്; ജോബ്സന് ഇത് കന്നി അങ്കം
Monday, August 3, 2015 7:46 AM IST
ടൊറന്റോ: കാനഡയിലെ 43 -ാമത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ 328 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 19നു നടക്കും. മലയാളികളായ രണ്ടു സ്ഥാനാര്‍ഥികളാണ് ഇക്കുറി മത്സരരംഗത്തുള്ളത്. ഡോണ്‍ വാലി ഈസ്റില്‍നിന്നും മുന്‍ എംപി ജോ ദാനിയലും മാര്‍ക്കം തോണ്‍ഹില്‍ മണ്ഡലത്തില്‍നിന്നും ജൊബ്സന്‍ ഈശോയും ജനവിധി തേടുന്നു. ഇരുവരുംകാനഡയിലെ ഭരണകക്ഷി ആയ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ഥികളാണ്.

ജോബ്സന്‍ കഴിഞ്ഞ ഏതാനും മാസങ്ങള ആയി തെരഞ്ഞെടുപ്പു പ്രവര്‍ത്തന രംഗത്തുണ്ട്. വളരെയേറെ വിജയസാധ്യതയാണ് ഈ മണ്ഡലത്തില്‍ ഇതു വരെയുള്ള പ്രവര്‍ത്തനങ്ങളില്‍ കാണാന്‍ കഴിയുന്നത്.

കാനഡയിലെ മലയാളികള്‍ക്ക് അഭിമാനം പകര്‍ന്നുകൊണ്ട് കാനഡ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി, ജോബ്സണ്‍ ഈശോ കൂടി ഉള്‍പ്പെടുന്ന സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. നിലവില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പാര്‍ലമെന്റ് അംഗമായ ജോ ഡാനിയലിനെ കൂടാതെ, മാര്‍ക്കം തോണ്‍ഹില്‍ മണ്ഡലത്തിലായിരിക്കും ജോബ്സണ്‍ മത്സരിക്കുക.

കഴിഞ്ഞ 20 വര്‍ഷത്തെ കറ തീര്‍ന്ന, മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് മലയാളിയായ ജോബ്സനെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സീറ്റിന് അര്‍ഹനാക്കിയത്. അഞ്ചുപേര്‍ ഈ സീറ്റിനു വേണ്ടി രംഗത്തുണ്ടായിരുന്നു വെങ്കിലും ഇക്കുറി ഭാഗ്യം ജോബ്സനെ തുണച്ചു. മണ്ഡലങ്ങളുടെ പുനസംഘടനയെ തുടര്‍ന്ന് പുതിയതായി രൂപീകരിക്കപ്പെട്ട ഈ മണ്ഡലത്തില്‍ മലയാളികള്‍ കുറവാണ്. ദക്ഷിണേഷ്യ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ളവരും തദ്ദേശീയരുമാണ് വോട്ടര്‍മാരില്‍ നല്ലൊരു പങ്കും.

സ്വന്തമായി ചെയിന്‍ റസ്ററന്റുകളുടെ ബിസിനസ് നടത്തി വരുന്ന ജോബ്സണ്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ പഠിക്കുമ്പോള്‍ സജീവ കെഎസ്യു പ്രവര്‍ത്തകനായിരുന്നു. ആര്‍ട്സ് ക്ളബ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മാര്‍ക്കം റേസ് റിലേഷന്‍സ് കമ്മിറ്റി ചെയര്‍മാന്‍, ബോക്സ് ഗ്രൂവ് ഫണ്‍ഫെസ്റ് 2013 ചെയര്‍മാന്‍, മെനി ഫെയ്സസ് ഓഫ് മാര്‍ക്കം ഇവന്റ് കോ ചെയര്‍മാന്‍, മാര്‍ക്കം സൌത്ത് ഏഷ്യന്‍ ഫെസ്റിവല്‍ കോ ചെയര്‍മാന്‍, സൌത്ത് ഏഷ്യന്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ സ്ഥാപകന്‍, മാര്‍ക്കം മ്യൂസിക് ഫെസ്റിവല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം, എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ടൊറന്റോ സെക്രട്ടറി തുടങ്ങി വൈവിധ്യമാര്‍ന്ന സമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ജോബ്സണ്‍ കര്‍മനിരതനാണ്. സേവന മികവിനു അംഗീകാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. ബ്രിട്ടീഷ് രാജ്ഞിയുടെ സ്ഥാനാരോഹണ വജ്രജൂബിലോയനുബന്ധിച്ച് കാനഡയില്‍ നിസ്വാര്‍ഥ സേവനം നടത്തുന്നവര്‍ക്കായി നല്‍കിയ ജൂബിലി മെഡല്‍, മാര്‍ക്കം നഗരത്തില്‍ സാമൂഹ്യ പ്രതിബദ്ധതയോടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള മേയറുടെ അവാര്‍ഡ് എന്നിവ ജോബ്സനെ തേടിയെത്തിയിരുന്നു.

കോഴഞ്ചേരിക്കടുത്ത് മാരാമണ്‍ ആറഞ്ഞാട്ട് പരേതനായ ജോണ്‍ ഈശോ-പൊന്നമ്മ ദമ്പതികളുടെ മകനാണ് ജോബ്സന്‍. ഭാര്യ ഇന്ദു കണ്ടനാട് മട്ടമേല്‍ കുടുംബാംഗം. അലീന, അലന്‍ എന്നിവര്‍ മക്കളാണ്.

റിപ്പോര്‍ട്ട്: ജയ്ശങ്കര്‍ പിള്ള