സ്പെഷല്‍ ഒളിമ്പിക്സ്: കേരളത്തിനു അഭിമാനാര്‍ഹമായ നേട്ടം
Sunday, August 2, 2015 11:41 PM IST
ലോസ്ആഞ്ചലസ്: നൂറ്റിയെഴുപത്തേഴു രാജ്യങ്ങള്‍ പങ്കെടുക്കുന്ന ലോസ് ആഞ്ചലസ് സ്പെഷല്‍ ഒളിമ്പിക്സില്‍ കേരളത്തിനു ചരിത്ര നേട്ടം. അഞ്ചു സ്വര്‍ണവും ഒരു വെള്ളിയും നാലു വെങ്കലവുമാണ് ഇതുവരെ കേരളം സ്വന്തമാക്കിയത്.

തൃശൂര്‍ മണ്ണുത്തി സ്നേഹദീപ്തി സ്പെഷല്‍ സ്കൂളിലെ നവീന്‍ ജോസഫ് സൈക്ളിംഗില്‍ രണ്ടു സ്വര്‍ണം കൊയ്ത് കേരളത്തിനു അഭിമാനമായി. ഏറ്റുമാനൂര്‍ വെട്ടിമുകള്‍ സേവാഗ്രാം സ്പെഷല്‍ സ്കൂളിലെ മരിയാ ജോയി അത്ലറ്റിക്സിലും മനീഷ് ജോസഫ് യൂണിഫൈഡ് ഫുട്ബോളിലും സ്വര്‍ണം നേടിയപ്പോള്‍ പിറവം സ്നേഹഭവന്‍ സ്പെഷല്‍ സ്കൂളിലെ ബിന്‍സി മാത്യു അത്ലറ്റിക്സില്‍ സ്വര്‍ണം നേടി.

പാലാ അന്തീനാട് ശാന്തിനിലയം സ്പെഷല്‍ സ്കൂളിലെ സ്വപ്ന ജോസഫ് ഭാരദ്വഹനം നാലു വിഭാഗങ്ങളിലായി നാലു വെങ്കലം നേടിക്കൊണ്ട് ഒളിമ്പിക്സിലെ തന്നെ ശ്രദ്ധാകേന്ദ്രമായി.