വാര്‍ഷികാഘോഷത്തില്‍ കാരുണ്യക്കടലിരമ്പി ഡബ്ള്യുഎംസിയുടെ ഹൃദയരാഗം
Saturday, August 1, 2015 8:39 AM IST
ചെന്നൈ: വേള്‍ഡ് മലയാളി കൌണ്‍സില്‍ (ഡബ്ള്യുഎംസി) ചെന്നൈ പ്രൊവിന്‍സ് നടത്തിയ സംഘടനയുടെ ഇരുപതാം വാര്‍ഷികാഘോഷം ഹൃദയസ്പര്‍ശിയായി.

മറുനാടന്‍ മലയാളികള്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മഹത്തരമെന്ന് നടന്‍ കമല്‍ ഹാസന്‍. വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ ഹൃദ്രോഗ ചികിത്സ സഹായ പദ്ധതിയുടെ ധനശേഖരണാര്‍ഥം നടത്തിയ 'ഹൃദയരാഗം' സംഗീത പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതിയിലെ ഗുണഭോക്താക്കളായി ഉള്‍പ്പെടുത്തിയിരിക്കുന്നതു മലയാളികളെ മാത്രമല്ലെന്നതു മാതൃകാപരമാണ്. മലയാളിയല്ലാത്ത തന്നെ മലയാളികള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിയതുപോലെയാണ് അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കു വേള്‍ഡ് മലയാളി കൌണ്‍സില്‍ ചികിത്സ സഹായം നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിപ്രകാരം ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയയായ വില്ലുപുരം സ്വദേശിനി സുമിത പരിപാടി ഉദ്ഘാടനം ചെയ്തു.

മുപ്പതുപേര്‍ക്കു ശസ്ത്രക്രിയ നടത്തുന്നതിനുള്ള തുകയായ 25 ലക്ഷത്തിനുള്ള ചെക്ക് പ്രോജക്ട് അംബാസഡറായ കമല്‍ ഹാസന്‍ മദ്രാസ് മെഡിക്കല്‍ മിഷന്‍ വൈസസ് പ്രസിഡന്റ് റജി ഏബ്രഹാം, അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടര്‍ ജോര്‍ജ് ചെറിയാന്‍ എന്നിവര്‍ക്കു കൈമാറി.

ഡബ്ള്യുഎംസി ആഗോള ചെയര്‍മാന്‍ വി.സി. പ്രവീണ്‍, ജനറല്‍ സെക്രട്ടറി സിറിയക് തോമസ്, വൈസ് പ്രസിഡന്റ് മൂസകോയ, എ.വി. അനൂപ്, ബാബു പോള്‍, പി.എന്‍. രവി, പ്രിന്‍സണ്‍ ജോസ്, എന്‍.ആര്‍. പണിക്കര്‍, എം. അച്യുതന്‍ നായര്‍, ഡോ. ജേക്കബ്, ആര്‍.കെ. ശ്രീധരന്‍, എം.പി. അന്‍വര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 20-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി രണ്ടു ദിവസങ്ങളായി നടന്ന സമ്മേളനത്തില്‍ പ്രതിനിധി സമ്മേളനം, സെമിനാര്‍ തുടങ്ങിയവ നടന്നു.

റിപ്പോര്‍ട്ട്: ഡോ.ജോര്‍ജ് എം. കാക്കനാട്ട്