ഗ്ളോബല്‍ മലയാളി ഫെഡറേഷന്റെ പ്രവാസി സംഗമത്തിനു വര്‍ണോജ്വല സമാപനം
Saturday, August 1, 2015 8:37 AM IST
കൊളോണ്‍: ഗ്ളോബല്‍ മലയാളി ഫെഡറേഷന്‍ അഞ്ചു ദിവസംകൊണ്ട് കൊളോണില്‍ ആഘോഷമാക്കിയ പ്രവാസി സംഗമത്തിനു വര്‍ണോജ്വലമായ സമാപനം കുറിച്ചു.

സമ്മേളനത്തിന്റെ മൂന്നാം ദിവസം രാവിലെ പ്രഫ. രാജപ്പന്‍ നായര്‍ സെമിനാര്‍ നയിച്ചു. ദര്‍ശന തിയേറ്റേഴ്സ് പ്രസിഡന്റ് ജോയ് മാണിക്കത്ത്, രശ്മി മാനേജിംഗ് എഡിറ്റര്‍ അഗസ്റ്റിന്‍ ഇലഞ്ഞിപ്പള്ളി, ആന്റണി കുറുന്തോട്ടില്‍, ജോസഫ് കില്ലിയന്‍, ബാബു മാത്യു ഹാംബര്‍ഗ് എന്നിവര്‍ സംസാരിച്ചു. തോമസ് പനക്കല്‍ നയിച്ച നാടകവും സിബി മേടയിലിന്റെ കഥാപ്രസംഗവും സമ്മേളത്തിനു കൊഴുപ്പേകി. വില്യം പത്രോസും മേരി വെള്ളാരംകാലായിലും പരിപാടികള്‍ മോഡറേറ്റ് ചെയ്തു. ബാബു യോഗ്യവീടന്‍ നന്ദി അറിയിച്ചു.

നാലാം ദിവസത്തെ പ്രധാന ആകര്‍ഷണം അവാര്‍ഡ് വിതരണമായിരുന്നു . സംഗീത അവാര്‍ഡിന് വിയന്നയില്‍നിന്നുള്ള സിറിയക് ചെറുകാടും സാഹിത്യ അവാര്‍ഡിന് ജര്‍മനിയില്‍നിന്നുള്ള തോമസ് ചക്യത്തും അര്‍ഹനായി. ഗ്ളോബല്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍ അവാര്‍ഡ് വിതരണം നിര്‍വഹിച്ചു. ഫാ. ഡെന്നിസ് ഏബ്രഹാം ആശംസ പ്രസംഗം നടത്തി. ജിഎംഎഫ് ജര്‍മന്‍ പ്രസിഡന്റ് സണ്ണി വേലൂക്കാരന്‍ നന്ദി പറഞ്ഞു.

സമാപന സമ്മേളനത്തില്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ചെറുമകള്‍ അനിത ബോസിന്റെ സന്ദേശം വായിച്ചു. തുടര്‍ന്ന്, ജര്‍മനിയിലെ വിവിധ സംഘടനകളുടെ നേതാക്കള്‍ ചേര്‍ന്ന് ദീപം തെളിച്ചാണ് സംഗമത്തിന്റെ സമാപന സമ്മേളത്തിന് തുടക്കം കുറിച്ചത്. എല്‍സമ്മ പനാലിക്കല്‍, മേരി ക്രീഗര്‍, മേരി പ്ളാമൂട്ടില്‍, ലില്ലി ചക്യത്ത്, സാന്‍ഡി കെയ്ന്‍, ഫിലോമിന തടത്തില്‍, എല്‍സി വേലുകാരന്‍, ജെമ്മ ഗോപുരത്തിങ്കല്‍ എന്നിവരുടെ തിരുവാതിരയോടെ കലാപരിപാടികള്‍ ആരംഭിച്ചു.

സിറിയക് ചെറുകാടും മകള്‍ ശ്രീജയും സംഗീതവിരുന്നൊരുക്കി. ദര്‍ശന തിയേറ്റേഴ്സിന്റെ ഹോമം നാടകം അവതരിപ്പിച്ചു. പ്രവാസി സംഘടനകള്‍ എവിടെയും പിളര്‍ന്നുകൊണ്ടിരിക്കുമ്പോള്‍, ഇവിടെ എല്ലാം സംഘടനകളെയും സഹകരിപ്പിച്ച് സംഗമം നടത്തിയതിന്റെ വിജയരഹസ്യം എന്ന വിഷയത്തില്‍ 24 സംഘടനാ നേതാക്കളെ പങ്കെടുപ്പിച്ച് ഏഷ്യാനെറ്റിനുവേണ്ടി എസ്. ശ്രീകുമാര്‍ ചര്‍ച്ച നയിച്ചു.

അഞ്ചാം ദിവസം ഫാ. സാവിയോ ദിവ്യബലി അര്‍പ്പിച്ചു, തുടര്‍ന്ന് പ്രൊഫ. രാജപ്പന്‍ നായര്‍ നന്ദി അറിയിച്ചു. അടുത്ത വര്‍ഷത്തെ ഗ്ളോബല്‍ മീറ്റ് 2016 ഓഗസ്റ് അഞ്ച് മുതല്‍ ജര്‍മനിയിലെ കൊളോണില്‍ നടത്തുമെന്ന പ്രഖ്യാപനത്തോടെ പരിപാടികള്‍ക്കു തിരശീല വീണു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍