ഇരട്ടനീതി രാജ്യത്തിനു ആപത്ത് : യൂത്ത് ഇന്ത്യ കുവൈറ്റ്
Saturday, August 1, 2015 8:31 AM IST
കുവൈറ്റ്: ഇന്ത്യയിലെ പൌരന്മാര്‍ക്ക് അവസാന അത്താണിയായ ജുഡീഷ്യറി യാഖൂബ് മേമന്റ് വധശിക്ഷ നടപ്പിലാക്കിയതോടെ രാജ്യത്ത് ഇരട്ടനീതി വീണ്ടും ആവര്‍ത്തിക്കുന്നു എന്നതിന് തെളിവാണെന്നും അത് വലിയ ആപത്താണെന്നും ഈ നില തുടര്‍ന്നാല്‍ രാജ്യം കനത്ത വില നല്‍കേണ്ടി വരുമെന്നും യൂത്ത് ഇന്ത്യ കുവൈറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ മൂടിക്കെട്ടിയ കണ്ണുകളെ ഒരിക്കല്‍ കൂടി നോക്കുകുത്തിയാക്കി തീര്‍പ്പാക്കിയ ഈ വിധി തികഞ്ഞ നീതി നിഷേധമാണ്. ഇന്ത്യയിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെയുള്ള മനുഷ്യ സ്നേഹികള്‍ വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടു മുറവിളി കൂട്ടിയിട്ടും ധൃതി പിടിച്ചു നടപ്പാക്കിയ വിധി തികച്ചും അപലപനീയമാണ്. പൊതുബോധത്തിന്റെ താത്പര്യം പറഞ്ഞു അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പിലാക്കിയപ്പോഴും സമാനമായ പ്രതിഷേധങ്ങള്‍ ഉണ്ടായെങ്കിലും ഇന്ത്യന്‍ നീതി പീഠം ചെവിക്കൊണ്ടില്ല. നീതിവ്യവസ്ഥകളെയും മാനവിക മൂല്യങ്ങളെയും നോക്കുകുത്തിയാക്കും വിധം നീതി പീഠങ്ങള്‍ പ്രവര്‍ത്തിക്കുന്നത് രാജ്യത്തിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്കെതിരെ കണ്ണടയ്ക്കലാണ്.

ഗുജറാത്ത് കലാപം, മലെഗാവ് സ്ഫോടനം, മുംബൈ കലാപം തുടങ്ങിയ രാജ്യം കണ്ട ഏറ്റവും വലിയ ഭീകര പ്രവര്‍ത്തനങ്ങളിലെ പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവു നല്‍കുകയും അവരെ രക്ഷിച്ചെടുക്കാന്‍ ഭരണകൂടം ശ്രമിക്കുന്നതും രാജ്യത്തെ ഇരട്ട നീതി ഇനിയും വാഴും എന്നതിന് ഉദാഹരണങ്ങളാണ്. പ്രതികളുടെ മതവും ജാതിയും നോക്കി ശിക്ഷ വിധിക്കുന്നത് ജനങ്ങള്‍ക്ക് ഭരണകൂടത്തോടും നീതി പീഠത്തോടുമുള്ള വിശ്വാസ്യത നഷ്ടപ്പെടുത്താനും രാജ്യത്ത് അരക്ഷിതാവസ്ഥ ഉണ്ടാക്കാനും മാത്രമേ ഉതകൂ. വിഷലിപ്തമായ ഫാസിസത്തിന്റെ വാഴ്ചകളെ ഇന്ത്യന്‍ ജനത ഒറ്റക്കെട്ടായി ജനാതിപത്യപരമായി നേരിടണമെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍