അല്‍മായ കൂട്ടായ്മ കുടുംബങ്ങളേയും സഭയേയും ശക്തിപ്പെടുത്തും: മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍
Saturday, August 1, 2015 6:53 AM IST
ബംഗളൂരു: അല്‍മായ കൂട്ടായ്മ കുടുംബങ്ങളേയും സമൂഹത്തേയും സഭയേയും ശക്തിപ്പെടുത്തുമെന്നു സീറോ മലബാര്‍ സഭാ കത്തോലിക്കാ കോണ്‍ഗ്രസ് നിയുക്ത ബിഷപ് ലഗേറ്റും താമരശേരി രൂപത അധ്യക്ഷനുമായ മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ പറഞ്ഞു. ബംഗളൂരു സെന്റ് തോമസ് ധര്‍മാരാം ഓഡിറ്റോറിയത്തില്‍നടന്ന കത്തോലിക്കാ കോണ്‍ഗ്രസിന്റെ വൈദിക-അല്‍മായ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. കത്തോലിക്കാ കോണ്‍ഗ്രസ് ബംഗളൂരു യൂണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനവും മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. പ്രവാസി അല്മായ വിശ്വാസികളുടെ ജീവിതവളര്‍ച്ചയില്‍ കൂട്ടായ്മയുടെ പ്രാധാന്യം പ്രസക്തമാണെന്ന് എപ്പിസ്കോപ്പല്‍ വികാരി റവ. ഡോ. മാത്യു കോയിക്കര പറഞ്ഞു. സോണല്‍ കോഓര്‍ഡിനേറ്റര്‍ റവ. ഡോ. തോമസ് കല്ലുകളം, പാസ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി ഫാ. ബിനു കുന്നത്ത്, ബിബിഎംപി അസിസ്റന്റ് കമ്മീഷണര്‍ കെ. മത്തായി, അല്‍മായ കോഓര്‍ഡിനേറ്റര്‍ കെ.പി. ചാക്കപ്പന്‍, റീത്ത മത്തായി തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി.

ഭാരവാഹികളായി കെ.മത്തായി-പ്രസിഡന്റ് (സുല്‍ത്താന്‍പാളയ സെന്റ് അല്‍ഫോന്‍സ ചര്‍ച്ച്), കെ.പി. ചാക്കപ്പന്‍-വൈസ്പ്രസിഡന്റ് (ഹോളിഫാമിലി ഹൊങ്ങസാന്ദ്ര), ഫിലിപ് മാത്യു-സെക്രട്ടറി (സെന്റ് തോമസ് ധര്‍മാരാം), കെ.ജെ. ജോണ്‍സണ്‍-ട്രഷറര്‍ (സ്വര്‍ഗറാണി ചര്‍ച്ച് രാജരാജേശ്വരിനഗര്‍), ബിജു കോലംകുഴി-ജോയിന്റ് സെക്രട്ടറി (ഹോളിഫാമിലി ഹൊങ്ങസാന്ദ്ര) എന്നിവരെ തെരഞ്ഞെടുത്തു. നോര്‍ക്ക നോഡല്‍ ഓഫീസര്‍ ട്രീസ തോമസ് ആശംസകള്‍ നേര്‍ന്നു.