സ്വിറ്റ്സര്‍ലന്‍ഡില്‍ വലതുപക്ഷ പാര്‍ട്ടിയുടെ യോഗത്തിനിടെ അക്രമം
Friday, July 31, 2015 6:09 AM IST
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ വലതു പക്ഷപാര്‍ട്ടി (എസ്വിപി) യുടെ യോഗത്തിനിടെ ഇടതുപക്ഷ പ്രവര്‍ത്തകരുടെ അക്രമം അരങ്ങേറി. വ്യാഴാഴ്ച വൈകുന്നേരം നഗരമധ്യത്തിലെ സൂറിച്ച് മെയിന്‍ റെയില്‍വേ സ്റേഷനിലാണു സംഭവം.

വലതുപക്ഷ പാര്‍ട്ടി (എസ്വിപി) നടത്തിയ യോഗത്തിനിടെ അമ്പതോളം വരുന്ന ഇടതുപക്ഷ പ്രവര്‍ത്തകര്‍ അക്രമം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജില്ലാ പ്രസിഡന്റ് സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണു യുവാക്കളായ ഇടതുപക്ഷ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതും ലഹളയില്‍ കലാശിച്ചതും. വംശീയ വിദ്വേഷം പരത്തുന്ന പ്രയോഗമാണ് യുവാക്കളെ ക്ഷുഭിതരാക്കിയതെന്ന് ഇടതുപക്ഷ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗത്തില്‍ ഒരാള്‍ക്കു പരിക്കേറ്റു. അഞ്ച് ഇടതുപക്ഷ പ്രവര്‍ത്തകരെ പോലീസ് അറസ്റ് ചെയ്തു.

സൂറിച്ച് റയില്‍വേ സ്റേഷന്‍ ഇതാദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി യോഗത്തിനായി ഉപയോഗിക്കുന്നത്. ആയിരക്കണക്കിനാളുകള്‍ വന്നുപോയിക്കൊണ്ടിരിക്കുന്ന ഇടമാണ് സൂറിച്ച് മെയിന്‍ റയില്‍വേ സ്റേഷന്‍. 2015 ലെ ഇലക്ഷനു മുന്നോടിയായി നടന്ന യോഗത്തില്‍ മ്യൂസിക്കും ബാര്‍ബിക്യുവും പ്രസംഗങ്ങളും ചര്‍ച്ചകളും കൂടാതെ വിഐപികളുടെ സാന്നിധ്യവും ഉണ്ടായിരുന്നു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍