ന്യൂജേഴ്സി ലിബര്‍ട്ടി സ്റേറ്റ് പാര്‍ക്കില്‍ ജോലിക്ക് പത്ത് പുതിയ ലാന്‍ഡ്സ്കേപ്പേഴ്സ്
Friday, July 31, 2015 6:06 AM IST
ന്യൂജേഴ്സി: ജേഴ്സി സിറ്റിയിലെ ലിബര്‍ട്ടി സ്റേറ്റ് പാര്‍ക്കില്‍ ജോലിക്കായി പത്ത് പുതിയ ലാന്‍ഡ്സ്കേപ്പേഴ്സ് കൂടി. അതും വിഐപികള്‍. ഇവരാരെന്നോ? ഒരു പറ്റം ആടുകള്‍. അവരാണിവിടുത്തെ വിഐപി ജോലിക്കാര്‍.

പോയ്സണ്‍ ഐവി, മള്‍ബറി തുടങ്ങിയ ചെടികളെ രണ്ട് ഏക്കര്‍ വരുന്ന തോട്ടത്തില്‍നിന്നു തുടച്ചുനീക്കുന്നതിനുദ്ദേശിച്ചാണ് ഈ ആടുകളെ രംഗത്തിറക്കിയിരിക്കുന്നത്. നേച്ചര്‍ ഇന്റര്‍പ്രറ്റീവ് സെന്ററിനടുത്തുള്ള പാര്‍ക്കിലേക്കു കഴിഞ്ഞ മേയ് മുതലാണ് ആടുകളുടെ സേവനം ലഭ്യമാക്കിയത്.

ഒരു പൈലറ്റ് പ്രോജക്ടായാണു പദ്ധതി നടപ്പാക്കുന്നതെന്നു ഫ്രണ്ട്സ് ഓഫ് ലിബര്‍ട്ടി സ്റേറ്റ് പാര്‍ക്കിന്റെ പ്രസിഡന്റ് സാം പേഴ്സിന്‍ പറഞ്ഞു.

ആടുകളുടെ സേവനം അടുത്തവര്‍ഷവും ലഭ്യമാക്കണോയെന്ന കാര്യം ഈ സീസണ്‍ കഴിഞ്ഞ് തീരുമാനിക്കും. എന്തായാലും ഈ ആടുകളാണു പാര്‍ക്കിന്റെ ഇപ്പോഴത്തെ ആകര്‍ഷണം. നേച്ചര്‍ ഇന്റര്‍പ്രറ്റീവ് സെന്ററിനടുത്തുള്ള പാര്‍ക്കിലേക്ക് സന്ദര്‍ശകരെ സ്വാഗതം ചെയ്ത് പേഴ്സിന്‍ പറയുന്നു.

പ്രത്യേക സ്ഥലങ്ങളിലെ ആവശ്യമില്ലാത്ത പുല്‍ച്ചെടികളും വിഷച്ചെടികളും മറ്റും നീക്കാനാണ് ആടുകളുടെ സേവനം പ്രധാനമായും പ്രയോജനപ്പെടുത്തുന്നത്. കീടനാശിനികളും മറ്റും ഉപയോഗിക്കുന്നതിലും ഏറെ ഫലപ്രദമാണ് ഈ രീതി. പോയ്സണ്‍ ഐവി പോലുള്ള വിഷച്ചെടികളും മറ്റും ഭക്ഷിക്കുന്നതിനാല്‍ ആടുകളെ തൊട്ടുനോക്കുകയോ അവയ്ക്ക് തീറ്റി നല്‍കുകയോ ചെയ്യരുതെന്നു സന്ദര്‍ശകര്‍ക്കു നിര്‍ദേശമുണ്ട്.

'ഈ ആടുകള്‍ എല്ലാം വാരിവലിച്ചുതിന്നും. അവ കരുതുന്നു അവയൊക്കെ വളരെ രുചികരമാണന്ന്.' പേഴ്സിന്‍ പറയുന്നു. ഇതാദ്യമായല്ല, ആടുകളെ പുല്ലുകള്‍ വൃത്തിയാക്കാനുപയോഗിക്കുന്നത്. ജേഴ്സി സിറ്റിയിലും ന്യൂവാര്‍ക്ക് അവന്യുവിലെ ഹാര്‍സിമസ് സെമിത്തേരിയിലും പുല്ലും ചെടികളും വൃത്തിയാക്കാന്‍ ആടുകളെ കഴിഞ്ഞവര്‍ഷവും ഉപയോഗിച്ചിരുന്നു.

സെമിത്തേരിയില്‍ സന്ദര്‍ശകര്‍ക്ക് ആടുകളെ ഫീഡ് മെഷീനിലൂടെ തീറ്റാന്‍ സൌകര്യമുണ്ട്. ന്യൂയോര്‍ക്ക് റിനെബെക്കിലെ ഗ്രീന്‍ ഗോട്ട് കമ്പനിയില്‍ നിന്ന് വാടകയ്ക്കെടുത്തതാണ് ആടുകളെ. പരിസ്ഥിതിക്ക് ദോഷകരമായ പുല്‍ച്ചെടികള്‍ നീക്കുന്നതില്‍ സ്പെഷലൈസ് ചെയ്ത കമ്പനിയാണ് ഗ്രീന്‍ ഗോട്ട്. ആടുകള്‍ പണിതീര്‍ത്ത് മാറിയാല്‍ പിന്നെ ഒരു പ്രഫഷണല്‍ ലാന്‍ഡ്സ്കേപ്പര്‍, പ്രദേശത്തുനിന്ന് കുറ്റികളും മറ്റും നീക്കി സ്ഥലം വൃത്തിയാക്കും. പരിസ്ഥിതിക്ക് അനുയോജ്യമായ വിധത്തില്‍ വീണ്ടും നല്ല ചെടികളും മറ്റും വച്ചുപിടിപ്പിക്കും. ദേശാടനപക്ഷികള്‍ക്കും പ്രദേശത്തെ വന്യമൃഗങ്ങള്‍ക്കും ആവാസസ്ഥാനമായ പാര്‍ക്കില്‍ ആടുകളുടെ സേവനം സെപ്റ്റംബര്‍ വരെ ലഭ്യമാകും.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍