ഫോമ കണ്‍വന്‍ഷന്‍ അബ്ദുള്‍ കലാം അനുസ്മരണമാകും
Friday, July 31, 2015 6:05 AM IST
തിരുവനന്തപുരം: നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ ഏറ്റവും വലിയ സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍സ് ഓഫ് അമേരിക്കയുടെ കേരള കണ്‍വന്‍ഷന്‍ എ.പി.ജെ. അബ്ദുള്‍ കലാം അനുസ്മരണ സമ്മേളനമാക്കി മാറ്റിയതായി പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍, ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്, ട്രഷറര്‍ ജോയി ആന്റണി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഓഗസ്റ് ഒന്നിനു (ശനി) തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.

രാജ്യ സഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, മന്ത്രിമാരായ രമേശ് ചെന്നിത്തല, വി.എസ്. ശിവകുമാര്‍, കെ.സി. ജോസഫ്, അടൂര്‍ പ്രകാശ്, എംഎല്‍എമാരായ കെ. മുരളീധരന്‍, തോമസ് ചാണ്ടി, തോമസ് ഐസക്, വി.ഡി. സതീശന്‍, രാജു ഏബ്രഹാം, മോന്‍സ് ജോസഫ്, എ.പി. അബ്ദുള്ളക്കുട്ടി, കെ.എസ്. ശബരീനാഥന്‍, റോഷി അഗസ്റിന്‍, എംപിമാരായ പി.ജെ. കുര്യന്‍, ജോസ് കെ. മാണി, എന്‍.കെ. പ്രേമചന്ദ്രന്‍, ശശി തരൂര്‍, ആന്റോ ആന്റണി എന്നിവരും ചടങ്ങിനെത്തും.

സിപിഐ നേതാവ് ബിനോയ് വിശ്വം, ഗവണ്‍മെന്റ് ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍, തിരുവനന്തപുരം മേയര്‍ ചന്ദ്രിക, കെടിഡിസി ചെയര്‍മാന്‍ തോമസ് വിജയന്‍, കേരള സ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് ചെയര്‍മാന്‍ മായിന്‍ ഹാജി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍, മുന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്‍ എന്നിവരും പങ്കെടുക്കും. ചലച്ചിത്ര താരങ്ങളായ മധു, നരേന്‍ എന്നിവരുടെ സാന്നിധ്യവും ചടങ്ങിനു മാറ്റുകൂട്ടും. പി. വിജയന്‍ ഐപിഎസ്, നടന്‍ മധു, റോയി ജോണ്‍ മാത്യു, പോള്‍ കൊട്ടംചേരില്‍, ശശിധരന്‍ നായര്‍, ജോണ്‍ ടൈറ്റസ്, ജേക്കബ് മാത്യു. ഡോ. ജേക്കബ് തോമസ്, കെ.ജി. തോമസ് കരിക്കനേത്ത് എന്നിവരെ അദരിക്കും.

'കേരളത്തിന്റെ ആരോഗ്യ ശുചിത്വ പരിപാലനത്തില്‍ പ്രവാസിയുടെ പങ്ക്' എന്ന വിഷയത്തില്‍ സെമിനാര്‍ ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു പ്രവാസികാര്യ മന്ത്രി കെ.സി. ജോസഫ് പങ്കെടുക്കുന്ന സിംബോസിയം. വേള്‍ഡ് മലയാളി കൌണ്‍സിലും ഫോമയും ചേര്‍ന്ന് 'പ്രവാസിയുടെ സ്വത്ത് സംരക്ഷണം' എന്ന വിഷയത്തെക്കുറിച്ചു പ്രമേയം അവതരിപ്പിക്കും. ഡോ. ബീന ഐഎഎസ്, അഡ്വ. ജെസി കുര്യന്‍ എന്നിവരും പരിപാടിയില്‍ പങ്കെടുക്കും.

ഫോമ എന്ന അമേരിക്കന്‍ മലയാളി സംഘടന എന്നും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കാണു മുന്‍ഗണന നല്‍കിയിട്ടുള്ളത്. അതോടൊപ്പം അമേരിക്കയിലെ പുതുതലമുറയ്ക്കു നാടിനെ അടുത്തറിയാനും പഠിക്കുവാനുമായി ഫോമ വൈസ് പ്രസിഡന്റ് വിന്‍സന്‍ പാലത്തിങ്കലിന്റെ നേതൃത്വത്തില്‍ സമ്മര്‍ ടു കേരള എന്ന പദ്ധതിയുടെ പ്രാരംഭ ബാച്ചിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നടത്തും. കണ്‍വന്‍ഷനില്‍ ഫോമയുടെ പ്രമുഖ നേതാക്കളും പങ്കെടുക്കും.

അമേരിക്കയിലെ മലയാളി സംഘടനകള്‍ ഇതുവരെ ചെയ്തിട്ടുള്ളതില്‍ വച്ചേറ്റവും വലിയ ചാരിറ്റി പ്രവര്‍ത്തനത്തിനു കണ്‍വന്‍ഷന്‍ സാക്ഷ്യം വഹിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. തിരുവനന്തപുരം കാന്‍സര്‍ സെന്ററിനു കുട്ടികളുടെ ഔട്ട് പേഷ്യന്റ് ബില്‍ഡിംഗ് നിര്‍മിച്ചു നല്‍കുന്നതാണിത്. 65 ലക്ഷമാണ് ഫോമ നല്‍കുക. ഇതിന്റെ ആദ്യ ഗഡുവിന്റെ ചെക്ക് കണ്‍വന്‍ഷനില്‍ കൈമാറും.

റിപ്പോര്‍ട്ട്: പി. ശ്രീകുമാര്‍