ഐഎന്‍ഒസി പെന്‍സില്‍വേനിയ ചാപ്റ്റര്‍ യോഗവും ശബരീനാഥന്‍ എംഎല്‍എയ്ക്ക് അനുമോദനവും
Friday, July 31, 2015 6:04 AM IST
ഫിലാഡല്‍ഫിയ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് - പെന്‍സില്‍വാനിയ ചാപ്റ്റര്‍ ജൂലൈ 27നു സമ്മേളിച്ചു. പ്രസിഡന്റ് കുര്യന്‍ രാജന്‍ അധ്യക്ഷത വഹിച്ചു.

യോഗത്തില്‍ അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ദേഹവിയോഗത്തില്‍ അനുശോചനം അര്‍പ്പിച്ചാണ് യോഗ നടപടികള്‍ ആരംഭിച്ചത്. ഓഗസ്റ് 21, 22 തീയതികളില്‍ ഷിക്കാഗോയില്‍ നടക്കുന്ന ഐഎന്‍ഒസി ദേശീയ സമ്മേളത്തിന്റെ വിജയത്തിനായി എല്ലാവരും പങ്കെടുത്ത് വിജയിപ്പിക്കണമെന്നു യോഗം വിലയിരുത്തി.

കേരളത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ ജനകീയ ഭരണംകൊണ്ട് വിറളിപിടിച്ച ഇടതു-വര്‍ഗീയ-പിന്തിരിപ്പന്‍ ചേരികള്‍ അഴിച്ചുവിടുന്ന അക്രമങ്ങളില്‍ കേരളത്തിലെ ജനങ്ങള്‍ തെറ്റദ്ധരിക്കപ്പെടരുതെന്നും വികസനത്തില്‍ കുതിച്ചുയരുന്ന യുഡിഎഫ് മന്ത്രിസഭയെ ഒരു ശക്തിക്കും തടഞ്ഞുനിര്‍ത്താനാവാത്തവിധത്തിലുള്ള ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്നും പ്രത്യേകിച്ച് പ്രവാസികള്‍ക്കായി മുമ്പെങ്ങും ഇല്ലാത്തവിധം ധാരാളം പുരോഗമന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മന്ത്രിസഭക്ക് എല്ലാ അഭിവാദ്യങ്ങളും നേര്‍ന്നു.

വൈസ് പ്രസിഡന്റ് സജി കരിംകുറ്റി ശബരിനാഥ് എംഎല്‍എയുടെ വിജയത്തില്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുകയും പെന്‍സില്‍വേനിയ ചാപ്റ്ററിന്റെ അനുമോദനങ്ങള്‍ നേരിട്ട് അറിയിക്കുകയും സ്നേഹോപഹാരങ്ങള്‍ നല്‍കുകയും ചെയ്തു. ചടങ്ങില്‍ പി.സി. വിഷ്ണുനാഥ് എംഎല്‍എയും സന്നിഹിതനായിരുന്നു.

യോഗത്തില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും പങ്കെടുത്തു. സന്തോഷ് ഏബ്രഹാം നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജീമോന്‍ ജോര്‍ജ്