മുംബൈ മോണോറെയിലിന്റെ അമരത്ത് മലയാളി സാന്നിധ്യം
Friday, July 31, 2015 6:04 AM IST
ഹൂസ്റണ്‍: ഇന്ത്യയിലെ ആദ്യത്തെ മോണോറെയില്‍ പദ്ധതിയായ മുംബൈ മോണോ റെയിലിന്റെ ഓപ്പറേഷന്‍സ് വിഭാഗം ജനറല്‍ മാനേജരായി മലയാളിയായ മാത്യു വര്‍ഗീസ് നിയമിതനായി.

പശ്ചിമ റെയില്‍വേയില്‍ നീണ്ട 21 വര്‍ഷത്തെ പ്രവര്‍ത്തനപരിചയവുമായാണു മാത്യു വര്‍ഗീസ് മുംബൈ മോണോറെയിലിലെത്തിയത്.

1989 ല്‍ അസി. റെയില്‍വേ സ്റേഷന്‍ മാസ്ററായി ജോലിയില്‍ പ്രവേശിച്ച മാത്യുവിന് പിന്നീട് റെയില്‍വേ ചീഫ് ട്രെയിന്‍സ് കണ്‍ട്രോളറായാണ് മുംബൈയില്‍നിന്നു വിരമിച്ചത്. തുടര്‍ന്നു മോണോ റെയിലില്‍ ഓപ്പറേഷന്‍സ് മാനേജരായും സീനിയര്‍ ഓപ്പറേഷന്‍സ് മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മുംബൈ മോണോറെയിലിന്റെ സര്‍വീസ് സംബന്ധിച്ച ഓപ്പറേഷന്‍സ് മാനുവല്‍, സേഫ്റ്റി മാനുവല്‍ തുടങ്ങിയവ തയാറാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചിട്ടുണ്ട്.

പത്തനംതിട്ട പേരങ്ങാട്ട് പുത്തന്‍പറമ്പില്‍ മാത്യു വര്‍ഗീസ് എന്ന 52 വയസുകാരന്‍ നിയമബിരുദധാരിയും സ്കോട്ട്ലാന്‍ഡില്‍നിന്നു ഓപ്പറേഷന്‍സ് മാനേജ്മെന്റില്‍ എബിഎയും കരസ്ഥമാക്കിയിട്ടുണ്ട്.

ഹൂസ്റണിലെ സാമൂഹ്യ, സാംസ്കാരിക പ്രവര്‍ത്തകനും മാധ്യമ പ്രവര്‍ത്തകനുമായ ജീമോന്‍ റാന്നി ഇളയ സഹോദരനാണ്.

മുംബൈ മെട്രോപോളിറ്റന്‍ റീജണ്‍ ഡെവലപ്മെന്റ് അഥോറിറ്റിയാണു മോണോറെയില്‍ പദ്ധതി നടപ്പാക്കുന്നത്. എല്‍ ആന്‍ഡ് ടിക്കാണ് നിര്‍മാണച്ചുമതല മലേഷ്യന്‍ കമ്പനിയായ സ്കോമി എന്‍ജിനിയറിംഗിനാണു സര്‍വീസ് സംബന്ധിച്ച കാര്യങ്ങള്‍ നിര്‍വഹിക്കുന്നത്.

റിപ്പോര്‍ട്ട്: ഷാജി രാമപുരം