സീറോ മലബാര്‍ കള്‍ച്ചറല്‍ ഫെസ്റ് 'ദര്‍ശനം 2015' ഓഗസ്റ് ഒന്നിന്
Thursday, July 30, 2015 8:04 AM IST
ബ്രിസ്ബെയ്ന്‍: ബ്രിസ്ബെയ്ന്‍ നോര്‍ത്ത് സെന്റ് അല്‍ഫോന്‍സ കത്തോലിക്ക ചര്‍ച്ചില്‍ പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ മേരി മക്ലിപ്പിന്റെയും സംയുക്ത തിരുനാളും ഇടവകദിനത്തോടനുബന്ധിച്ചു നടക്കുന്ന സീറോ മലബാര്‍ കള്‍ച്ചറല്‍ ഫെസ്റ് 'ദര്‍ശനം 2015' ന്റെ ഒരുക്കങ്ങളും പൂര്‍ത്തിയായി.

ഓഗസ്റ് ഒന്നിനു (ശനി) ക്രേഗ് സലി സ്റേ ഹൈസ്കൂള്‍ ഹാളില്‍ വൈകുന്നേരം നാലിന് ചെംസൈഡ് വെസ്റ് (685 ഹാമില്‍ട്ടണ്‍ റോഡ്) ഫാ. തോമസ് മണിമല പ്രസുദേന്തി വാഴ്ച നിര്‍വഹിക്കും. തുടര്‍ന്നു ഫാ. ഫെര്‍ണാണ്േടായുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കും. വൈകുന്നേരം ആറിന് 'ദര്‍ശനം 2015' അരങ്ങേറും.

സെന്റ് അല്‍ഫോന്‍സ ഇടവക ദിനവും ഓസ്ട്രേലിയയില്‍ സീറോ മലബാര്‍ രൂപത സ്ഥാപിക്കപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികവും ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സീറോ മലബാര്‍ യൂത്ത് മൂവ്മെന്റ് ദര്‍ശനം 2015 സംഘടിപ്പിക്കുന്നത്. പ്രാചീന ക്രിസ്ത്യന്‍ കലാരൂപങ്ങളായ ചവിട്ടുനാടകം, മാര്‍ഗംകളി, ഡ്രാമ, ക്രിസ്ത്യന്‍ ഫ്യൂഷന്‍ ഡാന്‍സ്, വിവിധ ക്രിസ്ത്യന്‍ സമൂഹങ്ങള്‍ പങ്കെടുക്കുന്ന ഭക്തിഗാന മത്സരം തുടങ്ങിയവ കള്‍ച്ചറല്‍ ഫെസ്റിന്റെ ഭാഗമായി നടക്കും.

മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍ കള്‍ച്ചറല്‍ ഫെസ്റ് ഉദ്ഘാടനം ചെയ്തു. ക്യൂന്‍സ്ലാന്‍ഡ് കാബിനറ്റ് മന്ത്രി ആന്റണി ലിന്‍ഹാം മുഖ്യാതിഥിയായിരിക്കും. ബ്രിസ്ബെയ്ന്‍ ലോര്‍ഡ് മേയറുടെ പ്രതിനിധി ആദംഅലന്‍, കൌണ്‍സിലര്‍ ഫിയോണ കിം തുടങ്ങിയവര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തും.

രണ്ടിന് (ഞായര്‍) ഉച്ചകഴിഞ്ഞ് 2.30ന് നോര്‍ത്ത് ഗേറ്റ് സെന്റ് ജോണ്‍സ് ദേവാലയത്തില്‍ നടക്കുന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് മാര്‍ ബോസ്കോ പുത്തൂര്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്നു ആഘോഷമായ പ്രദക്ഷിണം, വെടിക്കെട്ട്, സ്നേഹവിരുന്ന് തുടങ്ങിയവ നടക്കും.

തിരുനാള്‍ ശുശ്രൂഷകള്‍ക്കു ഫാ. പീറ്റര്‍ കാവുമ്പുറം, ഫാ. തോമസ് മണിമല, ഫാ. പോള്‍ ചക്കാനിക്കുന്നേല്‍ സിഎംഐ, ഫാ. ഫെര്‍ണാണോ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

വികാരി ഫാ. പീറ്റര്‍ കാവുമ്പുറം, ജനറല്‍ കണ്‍വീനര്‍ ജോര്‍ജ് വര്‍ക്കി, ട്രസ്റിമാരായ സന്തോഷ് മാത്യു, ഷൈജു തോമസ്, കണ്‍വീനര്‍മാരായ അജിമോന്‍ ആന്റണി, ജോമോന്‍ എടക്കര, ആഫ ചെറുവത്തൂര്‍, ആന്റണി, അസിന്‍ പോള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി തിരുനാളിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി.

റിപ്പോര്‍ട്ട്: ജോളി കരുമത്തി