മജ് ലിസുന്നൂര്‍ സമസ്ത ആത്മീയ സംഗമം മനാമ പാക്കിസ്ഥാന്‍ ക്ളബില്‍ ജൂലൈ 31ന്
Thursday, July 30, 2015 7:59 AM IST
മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹറിന്‍ കേന്ദ്ര മദ്രസയുടെ 20 ആം വാര്‍ഷികാഘോഷമായ 'തസ്ബീത്ത്2015' ന്റെ ഭാഗമായി ജൂലൈ 31നു (വെള്ളി) രാത്രി 8.30ന് മനാമ പാക്കിസ്ഥാന്‍ ക്ളബില്‍ മജ് ലിസുന്നൂര്‍ ആത്മീയ സദസ് നടക്കും.

പാണക്കാട് സയിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്‍ദേശപ്രകാരം ചിട്ടപ്പെടുത്തി എസ്വൈഎസിനു കീഴില്‍ നടക്കുന്ന മജ്ലിസുന്നൂര്‍ ആത്മീയ സദസ് ആദ്യമായാണ് ബഹറിനിലെ ഒരു പൊതുവേദിയില്‍ സംഘടിപ്പിക്കുന്നത്.

വിശ്വാസികളില്‍ അത്യുന്നതരെന്ന് പ്രവാചകന്‍ മുഹമ്മദ് നബി(സ) വിശേഷിപ്പിച്ച അസ്ഹാബുല്‍ ബദ്റിന്റെ ഇസ്മുകള്‍ പാരന്പര്യ രീതിയില്‍ കോര്‍ത്തിണക്കിയ അറുപത് വരി പദ്യങ്ങളും പ്രാര്‍ഥനകളുമാണു മജ്ലിസുന്നൂറില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഇത്തരം സദസുകളില്‍ പങ്കെടുക്കുന്ന വിശ്വാസികള്‍ക്ക് പ്രശ്ന പരിഹാരവും ആത്മീയാനുഭൂതിയും ലഭിക്കുന്നതും അനുഭവമാണ്.

ആത്മീയ സംഗമത്തില്‍ മജ് ലിസുന്നൂറിനു പുറമെ ഖത്മുല്‍ ഖുര്‍ആനും ദുആ മജ് ലിസും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചടങ്ങ് സമസ്ത ബഹറിന്‍ പ്രസിഡന്റ് സയിദ് ഫഖ്റുദ്ദീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഹംസ അന്‍വരി മോളൂര്‍ മജ് ലിസുന്നൂറിന് നേതൃത്വം നല്‍കും. മണ്‍സൂര്‍ ബാഖവി കരുളായി ഉദ്ബോധന പ്രഭാഷണം നടത്തും. ഹാഫിള്‍ ഷറഫുദ്ദീന്‍ മൌലവി, മൂസ മൌലവി വണ്ടൂര്‍, എം.സി. മുഹമ്മദ് മൌലവി എന്നിവര്‍ സംബന്ധിക്കും. ബഹറിനിലെ വിവിധ ഏരിയകളില്‍നിന്നു നിരവധി വിശ്വാസികള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ സ്ത്രീകള്‍ക്കു പ്രത്യേക സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്െടന്നു ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് 17227975, 34090450.