ഓണാവധി: ടിക്കറ്റിനായി നെട്ടോട്ടം
Thursday, July 30, 2015 5:48 AM IST
ബംഗളൂരു: ഓണാവധി പ്രമാണിച്ചു നാട്ടിലേക്കു പോകാന്‍ മലയാളിക്ക് ഇനി ബസ് തന്നെ ശരണം. ഓണത്തിനു മുമ്പുള്ള ദിവസങ്ങളിലെ ട്രെയിന്‍ ടിക്കറ്റുകള്‍ ശരവേഗത്തിലാണ്തീര്‍ന്നത്. ഉത്രാടദിനത്തില്‍ കേരളത്തിലേക്കുള്ള പതിവു ട്രെയിനുകളിലെ റിസര്‍വേഷന്‍ ക്വാട്ട പൂര്‍ത്തിയായതോടെ വെയ്റ്റിംഗ് ലിസ്റ്റ് 300 കടന്നു. ഉത്രാടദിനമായ ഓഗസ്റ്റ് 27 ന് ബംഗളൂരുവില്‍ നിന്നുള്ള യശ്വന്തപുര-കണ്ണൂര്‍ എക്സ്പ്രസില്‍ സ്ളീപ്പര്‍ ക്ളാസില്‍ വെയ്റ്റിംഗ് ലിസ്റ് ഇന്നലെ 308 ആയി. തേര്‍ഡ് എസിയില്‍ 42, സെക്കന്‍ഡ് എസിയില്‍ 27 എന്നിങ്ങനെയാണ് വെയ്റ്റിംഗ് ലിസ്റ്. തിരുവനന്തപുരത്തേക്കുള്ള കൊച്ചുവേളി എക്സ്പ്രസില്‍ 294-ഉം കന്യാകുമാരി എക്സ്പ്രസില്‍ 292-ഉമാണ് ഇന്നലെ സ്ളീപ്പര്‍ ക്ളാസിലെ വെയ്റ്റിംഗ് ലിസ്റ്. ബംഗളൂരു-കൊച്ചുവേളി ഗരീബ്രഥ് എക്സ്പ്രസില്‍ വെയ്റ്റിംഗ് ലിസ്റ് 233-ഉം വ്യാഴാഴ്ച മാത്രമുള്ള കൊച്ചുവേളി എസി എക്സ്പ്രസില്‍ 71-ഉം കടന്നു. എറണാകുളം സൂപ്പര്‍ഫാസ്റ് എക്സ്പ്രസില്‍ വെയ്റ്റിംഗ് ലിസ്റ് 276 ആയി. ഇതോടെ ഓണത്തിരക്ക് പരിഗണിച്ച് ബംഗളൂരുവില്‍നിന്ന് തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക്സ്പെഷല്‍ ട്രെയിന്‍ വേണമെന്ന ആവശ്യം ഉയരുകയാണ്. മുന്‍വര്‍ഷങ്ങളില്‍ നിരക്ക് കൂടിയപ്രീമിയംട്രെയിനുകള്‍ അനുവദിച്ചിരുന്നു. പ്രീമിയം ട്രെയിനുകള്‍ക്കു പകരം ആരംഭിച്ച സുവിധ ട്രെയിനുകള്‍ അനുവദിക്കുന്നതു സംബന്ധിച്ച തീരുമാനം വൈകുന്നതും തിരിച്ചടിയാകുകയാണ്.
ട്രെയിനുകളില്‍ വെയ്റ്റിംഗ് ലിസ്റുകള്‍ നീളുന്നതോടെ കേരള ആര്‍ടിസി ബസുകളില്‍ ഓണാവധിക്കുള്ള മുന്‍കൂര്‍ ടിക്കറ്റ് ബുക്കിംഗ് സജീവമായി. ഓണം പ്രമാണിച്ച് കേരള ആര്‍ടിസി സ്പെഷല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് 24 വരെ നാട്ടിലേക്കുള്ള ബസുകളുടെ റിസര്‍വേഷന്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. അതേസമയം, പ്രതീക്ഷിച്ച അത്ര ബുക്കിംഗ് തുടക്കത്തില്‍ ലഭിക്കുന്നില്ലെന്നാണ് കേരള ആര്‍ടിസി അധികൃതര്‍ നല്കുന്ന വിവരം. കേരള ആര്‍ടിസിയേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ഈ ദിവസങ്ങളില്‍ കര്‍ണാടക ആര്‍ടിസി വോള്‍വോ ബസുകള്‍ സര്‍വീസ് നടത്തുന്നത്. ഇതും കേരള ആര്‍ടിസിയിലെ ബുക്കിംഗ് മന്ദഗതിയിലാവാന്‍ കാരണമായി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും അവധി സംബന്ധിച്ചു കൃത്യമായ വിവരം വരുന്നതോടെ ടിക്കറ്റ് ബുക്കിംഗ് വേഗത്തിലാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. അതേസമയം, സ്വകാര്യബസുകളില്‍ ആഴ്ചകള്‍ക്കു മുമ്പേ ഓണം റിസര്‍വേഷന്‍ ആരംഭിച്ചിരുന്നു.