ഷിക്കാഗോ സോഷ്യല്‍ ക്ളബും കോട്ടയം സിറ്റിസണ്‍ ക്ളബും കൈകോര്‍ക്കുന്നു
Thursday, July 30, 2015 5:43 AM IST
ഷിക്കാഗോ: ഷിക്കാഗോ സോഷ്യല്‍ ക്ളബും കോട്ടയം സിറ്റിസണ്‍ ക്ളബും ഒരുമിച്ച് പ്രവര്‍ത്തിക്കാവുന്ന മേഖലകളില്‍ കൈകോര്‍ത്തു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.

ഇരു ക്ളബുകളുടേയും ഭാരവാഹികള്‍ തമ്മില്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള ഒരു അഫിലിയേഷന്‍ ഉരുത്തിരിഞ്ഞുവന്നത്. ഇരു ക്ളബുകളും നിശ്ചിത അംഗങ്ങളില്‍ മാത്രം സംഘടിപ്പിക്കപ്പെട്ടതും ക്ളബ് സംവിധാനങ്ങള്‍ അംഗങ്ങള്‍ക്കു മാത്രമുള്ളതുമാണ്.

ഷിക്കാഗോ സോഷ്യല്‍ ക്ളബ് അംഗങ്ങള്‍ക്കു കോട്ടയം സിറ്റിസണ്‍ ക്ളബ് അംഗങ്ങള്‍ക്ക് ലഭിക്കുന്ന എല്ലാ സൌകര്യങ്ങളും കോട്ടയത്തു ലഭിക്കും. സിറ്റിസണ്‍ ക്ളബ് അംഗങ്ങള്‍ക്ക് ഷിക്കാഗോ സോഷ്യല്‍ ക്ളബ് അംഗങ്ങള്‍ക്കുള്ള എല്ലാ സൌകര്യങ്ങളും ഷിക്കാഗോയിലും ലഭ്യമാക്കും. വളരെ ശ്രദ്ധേയമായ ഈ ഒരുമിക്കലിനുള്ള ധാരണാപത്രം കോട്ടയം സിറ്റിസണ്‍ ക്ളബിന്റെ പ്രതിനിധി സാജന്‍ വര്‍ഗീസ് ഷിക്കാഗോ സോഷ്യല്‍ ക്ളബ് പ്രസിഡന്റ് സാജു കണ്ണമ്പള്ളിക്കു കൈമാറി സംരഭത്തിനു തുടക്കം കുറിച്ചു. പീറ്റര്‍ കുളങ്ങര, സൈമണ്‍ ചക്കാലപ്പടവില്‍, ബിജു പെരികലം, സാബു പടിഞ്ഞാറേല്‍, ജസ്മോന്‍ പുറമടം, ബെന്നി മച്ചാനിക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

സിറ്റിസണ്‍ ക്ളബ് ആരംഭിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റു എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സോഷ്യല്‍ ക്ളബിന്റെ എല്ലാ പിന്തുണയും പ്രസിഡന്റ് സാജു കണ്ണമ്പള്ളി വാഗ്ദാനം ചെയ്തു. രണ്ട് ക്ളബുകളുടെയും അഫിലിയേഷന്‍ യാഥാര്‍ഥ്യമാക്കാന്‍ മുന്‍കൈയെടുത്ത പീറ്റര്‍ കുളങ്ങരയെ ഇരു ക്ളബ് പ്രതിനിധികളും പ്രത്യേകം അഭിനന്ദിച്ചു.

റിപ്പോര്‍ട്ട്: ജോണി നെല്ലാമറ്റം