ഫിഫ്റ്റി പ്ളസ് ഫ്രാങ്ക്ഫര്‍ട്ട് വാരാന്ത്യ സെമിനാര്‍ നടത്തി
Thursday, July 30, 2015 5:42 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ഫിഫ്റ്റി പ്ളസ് ഫ്രാങ്ക്ഫര്‍ട്ട് ഈ വര്‍ഷത്തെ വാരാന്ത്യ സെമിനാര്‍ നിഡാറ്റാലിലെ ഹൌസ് ഗോട്ട്ഫ്രീഡില്‍ ജൂലൈ 24 മുതല്‍ 26 വരെ നടന്നു.

24 നു (വെള്ളി) വൈകുന്നേരം ഒത്തുകൂടിയ കുടുംബാംഗങ്ങളെ സേവ്യര്‍ ഇലഞ്ഞിമറ്റം സ്വാഗതം ചെയ്തു. ഫിഫ്റ്റി പ്ളസ് ഫ്രാങ്ക്ഫര്‍ട്ടിന്റെ പത്താം വാര്‍ഷികാവസരത്തില്‍ ഇതിന്റെ രൂപീകരണത്തില്‍ പ്രധാനിയും നിര്യാതനുമായ സണ്ണി കണ്ണംകുളത്തിന് ആദരാജ്ഞലി അര്‍പ്പിച്ച് ഒരു മിനിട്ട് മൌനപ്രാര്‍ഥന നടത്തി. തുടര്‍ന്നു അത്താഴത്തിനുശേഷം ആദ്യത്തെ സെമിനാര്‍ വിഷയത്തിലേക്കു കടന്നു.

ജ്ഞാനപീഠ ജേതാവായ കവി ഒഎന്‍വി കുറുപ്പിനു ശതവര്‍ഷാഭിഷേക മംഗളങ്ങള്‍ നേര്‍ന്ന് അദ്ദേഹത്തിന്റെ 'മുക്കുറ്റി' യായ ആനി സ്വീബല്‍ ഒഎന്‍വിയെ വിവരിച്ചു. ഫിഫ്റ്റി പ്ളസിനുവേണ്ടി ഒഎന്‍വി പ്രത്യേകം എഴുതി അയച്ചുതന്ന ചെറുകവിത ആനി വായിച്ചു. തുടര്‍ന്നു പാട്ടുകളും ഗാനമേളയും തമാശകളും പറഞ്ഞ് ആദ്യ സായാഹ്നം ചെലവഴിച്ചു.

25നു (ശനി) രാവിലെ 'കാരുണ്യവധം' (സ്റ്റേര്‍ബെ ഹില്‍ഫെ) എന്ന വിഷയത്തെക്കുറിച്ച് ഡോ. സെബാസ്റ്യന്‍ മണ്ടിയാനപ്പുറത്ത് പ്രബന്ധം അവതരിപ്പിച്ച് സംശയങ്ങള്‍ക്കു മറുപടി പറഞ്ഞു. തുടര്‍ന്നു ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളെക്കുറിച്ചും ഭവിഷ്യത്തുകളെക്കുറിച്ചും മാത്യു കൂട്ടക്കര കണക്കുകളും ഗ്രാഫിക്സുകളും കാണിച്ച് അവതരണം നടത്തി. ഉച്ചഭക്ഷണത്തിനുശേഷം 'കുടുംബവും ദൈവവിശ്വാസവും' എന്ന വിഷയത്തില്‍ ഷ്വേണ്‍സ്റ്റാട്ട് വൈദികനായ ഫാ. സേവ്യര്‍ മാണിക്കത്താന്‍ സംസാരിച്ചു. കുടുംബവിശ്വാസത്തിന്റേയും പ്രാര്‍ഥന, ഒരുമ എന്നിവയുടെ ആവശ്യകത ഫാ. മാണിക്കത്താന്‍ ദൃശ്യങ്ങള്‍ കാണിച്ച് അവതരിപ്പിച്ചു.

തുടര്‍ന്നു നടന്ന ആഘോഷമായ ദിവ്യബലിക്കുശേഷം കായിക മത്സരങ്ങളും ബാര്‍ബിക്യു പാര്‍ട്ടിയും നടന്നു. മത്സരങ്ങള്‍ക്കു ജോര്‍ജ് ചൂരപ്പൊയ്കയില്‍, സേവ്യര്‍ പള്ളിവാതുക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. തോമസ് കുളത്തില്‍, മാത്യു കൂട്ടക്കര, സേവ്യര്‍ ഇലഞ്ഞിമറ്റം എന്നിവര്‍ വിവിധതരം ഇറച്ചികളും സോസേജകളും ഗ്രില്‍ ചെയ്യാന്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചു. വൈകുന്നേരം നടത്തിയ കലാസായാഹ്നത്തില്‍ രണ്ടാം തലമുറയിലെ കുട്ടികളായ സോഫി-സോണിയ കടകത്തലയ്ക്കല്‍, മറിയാന കുളത്തില്‍ എന്നിവര്‍ നൃത്തം അവതരിപ്പിച്ചു. ആന്റണി തേവര്‍പാടം, ആന്റണി-മേരി എടത്തിരുത്തിക്കാരന്‍, ജോര്‍ജ് ചൂരപ്പൊയ്കയില്‍, മൈക്കിള്‍-ജെന്‍സി പാലക്കാട്ട്, ലില്ലിക്കുട്ടി-ജോണി എന്നിവര്‍ സിനിമാറ്റിക് ഗാനങ്ങളും സമൂഹഗാനങ്ങളും ആലപിച്ച് ഏവരെയും ആനന്ദഭരിതരാക്കി.

26നു (ഞായര്‍) രാവിലെ 'യൂറോയും ഗ്രീസിലെ സാമ്പത്തിക അവസ്ഥയും' എന്ന വിഷയത്തില്‍ ജോര്‍ജ് ചൂരപ്പൊയ്കയില്‍ കണക്കുകള്‍ സഹിതം വിവരണം നല്‍കി. ജര്‍മനിയിലെ പ്രവാസികളുടെ ആശങ്കകളും യൂറോ-ഇന്ത്യന്‍ രൂപ വിനിമയ നിരക്കില്‍ വന്ന ഇടിവും എല്ലാം ചര്‍ച്ചകള്‍ക്ക് വിധേയമായി. ലില്ലി-സൈമണ്‍ കൈപ്പള്ളിമണ്ണിലിന്റെ വിവിധ അച്ചാറുകള്‍ ഭക്ഷണത്തിനു കൂടുതല്‍ രുചി പകര്‍ന്നു.

സെമിനാറിന്റെ വിലയിരുത്തലിനുശേഷം ഈ വര്‍ഷം നടത്താനിരിക്കുന്ന പരിപാടികളും അടുത്ത വര്‍ഷത്തെ ഒരാഴ്ച്ച നീണ്ട വിദേശ യാത്രയും പ്ളാന്‍ ചെയ്ത് വാരാന്ത്യ സെമിനാര്‍ അവസാനിച്ചു. സെമിനാറില്‍ പങ്കെടുത്തവര്‍ക്കു മൈക്കിള്‍ പാലക്കാട്ട് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍