കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഒക്ടോബര്‍ മൂന്നിനു പ്രസ്റണില്‍
Wednesday, July 29, 2015 5:39 AM IST
പ്രസ്റണ്‍: സീറോ മലബാര്‍ സഭയുടെ യുറോപ്പിലെ പ്രഥമ ഇടവകകളുടെ ഔപചാരികമായ ഉദ്ഘാടനവും ദേവാലയത്തിന്റെ പുനസമര്‍പ്പണവും നിര്‍വഹിക്കാനായി മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഒക്ടോബര്‍ മൂന്നിനു (ശനി) പ്രസ്റണിലെത്തുന്നു.

സീറോ മലബാര്‍ സഭയ്ക്കായി ഇടവകകളും ദേവാലയവും അനുവദിക്കുകയും സഭാംഗങ്ങള്‍ക്കു അതുല്യമായ പ്രോത്സാഹനവും സഹകരണവും ഊര്‍ജവും നല്‍കിപോരുകയും ചെയ്തുവരുന്ന ആതിഥേയ ലങ്കാസ്റര്‍ റോമന്‍ കത്തോലിക്ക രൂപതയുടെ അധ്യക്ഷന്‍ ബിഷപ് മൈക്കിള്‍ കാംബെല്‍ കൂദാശയില്‍ മാര്‍ ആലഞ്ചേരിക്കൊപ്പം പങ്കു ചേരും. കൂടാതെ സീറോ മലബാര്‍ സഭയുടെ വിശിഷ്ട അധികാരികള്‍, വൈദികര്‍, സന്യസ്തര്‍, അല്മായ സമൂഹം തുടങ്ങിയവര്‍ കൂദാശകര്‍മത്തില്‍ പങ്കെടുക്കും.

പ്രസ്റണിലെ പാരീഷ് വികാരിയും താമരശേരി രൂപതാംഗവുമായ ഫാ. മാത്യു ജേക്കബ് ചൂരപൊയ്കയില്‍ ചടങ്ങ് പ്രൌഡഗംഭീരമാക്കാന്‍ ആതിഥേയ വിശ്വാസി സമൂഹത്തിനൊപ്പംനിന്നു നേതൃത്വം നല്‍കും.

യൂറോപ്പില്‍ സീറോ മലബാര്‍ സഭയ്ക്കായി രണ്ടു വ്യക്തിഗത ഇടവകകള്‍ സാക്ഷാത്കരിച്ചതിനു പുറമേ സഭയ്ക്കു സ്വന്തമായി അഭിമാനാര്‍ഹമായി ഒരു ദേവാലയവും കൂടി ചേര്‍ക്കപ്പെടുമ്പോള്‍ യുകെയില്‍ സീറോ മലബാര്‍ സഭയ്ക്ക് ഇതര സ്ഥലങ്ങളിലും ഊര്‍ജവും അനന്യതയും പ്രതീക്ഷയും നല്‍കുന്ന സാഫല്യനാളുകളുടെ തുടക്കത്തിനാണു മാര്‍ ആലഞ്ചേരി നാന്ദി കുറിക്കുക.

'വിളവിന്റെ നാഥന്‍' യുകെയില്‍ പ്രത്യേകമായി ആത്മീയ അനുഗ്രഹീത വിത്ത് പാകിയ ഇടം എന്ന് ഖ്യാതി നേടിയ പ്രിസ്റണില്‍ ആണു യുകെയുടെ അജപാലന ശുശ്രുഷകള്‍ക്കായി സേവനം ചെയ്ത വൈദികരില്‍ ഭൂരിപക്ഷവും ജനിച്ചതും ഇന്നും യുകെയില്‍ ആത്മീയ സേവനം ചെയ്തു വരുന്നവരും. പ്രീസ്റ് ടൌണ്‍ എന്നറിയപ്പെട്ടിരുന്ന ഈ അജപാലന ശുശ്രുഷക സ്രോതസ് ആണ് പ്രിസ്റണ്‍ എന്ന ചുരുക്ക പേരില്‍ പിന്നീട് അറിയപ്പെടുന്നത്. അജപാലന ശുശ്രൂഷകരുടെ മഹനീയ കേന്ദ്രമായ പ്രിസ്റണിലെ ദേവാലയവും പേഴ്സണല്‍ പാരീഷുകളും യു കെയിലെ സീറോ മലബാര്‍ സഭയ്ക്ക് അതിനാല്‍ത്തന്നെ ഏറെ അഭിമാനം നല്‍കും.

ലങ്കാസ്റര്‍ രൂപതയിലെ വിശ്വാസിസമൂഹം യുകെയില്‍ സീറോ മലബാര്‍ സഭക്ക് അഭിമാനം വിതറുന്ന ഈ തിരുക്കര്‍മം ഏറ്റവും മംഗളകരമായി ആഘോഷിക്കുവാനുള്ള വിപുലമായ ഒരുക്കത്തിലാണ്. പ്രഥമ വ്യക്തിഗത ഇടവകകളായ പ്രിസ്റണ്‍, ബ്ളാക്ക്പൂള്‍ ദിവ്യകാരുണ്യ സമൂഹവും ലങ്കാസ്ററിലെ മുഴുവന്‍ സഭാംഗങ്ങളും ഒത്തൊരുമിച്ചു അതിവിപുലമായ ആഘോഷ കമ്മിറ്റിയും സ്വാഗത സംഘവും ഉടന്‍ തന്നെ രൂപീകരിച്ച് പുനഃസമര്‍പ്പണ കര്‍മത്തിനും ആഘോഷത്തിനും പ്രൌഡ ഗംഭീരമായ തയാറെടുപ്പുകള്‍ ആരംഭിച്ചിരിക്കുന്നു.

ഇടവകകളുടെയും ദേവാലയത്തിന്റെയും ഔദ്യോഗിക സമര്‍പ്പണ കര്‍മ്മം മാര്‍ ജോര്‍ജ് ആലഞ്ചേരിയും ലങ്കാസ്റര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മൈക്കിള്‍ കാംപെല്ലും, യുകെ കോ-ഓര്‍ഡിനേട്ടര്‍ ഫാ. തോമസ് പാറയടിയിലും അടക്കം സഭയുടെ വിശിഷ്ട അധികാരികളുടെ സാന്നിധ്യത്തില്‍ ആഘോഷമായി നടത്തുന്നതിനു സഭാ മക്കള്‍ ഇനിയുള്ള നാളുകളില്‍ രാപകലില്ലാതെ അശ്രാന്ത ഒരുക്കങ്ങളിലാവും.

ഒക്ടോബര്‍ രണ്ടിനു പ്രസ്റണില്‍ എത്തുന്ന കര്‍ദിനാള്‍ നാലിനു റോമില്‍ ചേരുന്ന ബിഷപ് സിനഡില്‍ പങ്കു ചേരുവാനായി തിരിക്കും.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ