മിഡ്വെസ്റ് മലയാളി അസോസിയേഷന്‍ അനുശോചിച്ചു
Tuesday, July 28, 2015 8:08 AM IST
ഷിക്കാഗോ: മുന്‍ രാഷ്ട്രപതിയും ഇന്ത്യയുടെ മിസൈല്‍ സ്വപ്നങ്ങള്‍ക്ക് അഗ്നിച്ചിറക് നല്‍കിയ ശാസ്ത്രജ്ഞനുമായ ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ മിഡ്വെസ്റ് മലയാളി അസോസിയേഷന്‍ അനുശോചിച്ചു.

ജനകീയ രാഷ്ട്രത്തലവനായിരുന്ന അബ്ദുള്‍ കലാമിന്റെ ദേഹവിയോഗം രാഷ്ട്രത്തിനു തന്നെ തീരാനഷ്ടമാണെന്ന് പ്രസിഡന്റ് വിജി നായര്‍ പറഞ്ഞു. നിരാശരായ തലമുറയ്ക്ക് പ്രതീക്ഷയുടെ അഗ്നിച്ചിറകുകളില്‍ പറന്നുയരാന്‍ തന്റെ ജീവിതംകൊണ്ട് മാതൃകകാണിച്ച് പ്രചോദനം നല്‍കിയ മഹാമനീഷിയായിരുന്നു അബ്ദുള്‍ കലാം.

പക്ഷങ്ങളില്ലാത്ത ഭരണാധികാരി, ധീഷണശാലിയായ ഗവേഷകന്‍, എഴുത്തുകാരന്‍, കവി, തത്വശാസ്ത്രജ്ഞന്‍ എന്നീ നിലകളിലെല്ലാം ഉന്നതികളിലേക്കുള്ള പടവുകള്‍ ചവിട്ടി കയറുമ്പോഴും ഏറ്റവും ലളിതമായ ജീവിതം നയിച്ചിരുന്ന അപൂര്‍വ്വ പ്രതിഭയായിരുന്നു ഡോ. കലാം. അദ്ദേഹത്തിന്റെ നിര്യാണം ഭാരതീയര്‍ക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് അരവിന്ദ് പിള്ള, ജോണ്‍ പാട്ടപ്പതി, സജു നായര്‍, ഏബ്രഹാം വര്‍ഗീസ്, പീറ്റര്‍ കുളങ്ങര, വര്‍ഗീസ് പാലമലയില്‍, ബേസല്‍ പെരേര എന്നിവരും അറിയിച്ചു.

സതീശന്‍ നായര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം