ലാല്‍ കെയേഴ്സ് ബഹറിന്‍ അനുശോചിച്ചു
Tuesday, July 28, 2015 7:28 AM IST
മനാമ: 'ഉറക്കത്തില്‍ കാണുന്നതല്ല, നമ്മളെ ഉറങ്ങാന്‍ സമ്മതിക്കാത്തതാണ് സ്വപ്നം' എന്നു ഇന്ത്യന്‍ ജനതയെ പഠിപ്പിച്ച ലോകത്തിനു മുന്നില്‍ നമ്മുടെ അഭിമാനമായ മുന്‍ ഇന്ത്യന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ആകസ്മിക നിര്യാണത്തില്‍ ലാല്‍ കെയേഴ്സ് ബഹറിന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

പ്രസിഡന്റ് ജഗത് കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി എഫ്.എം. ഫൈസല്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. എന്താണ് ജന്മദിനം എന്ന് ചോദിച്ച കുട്ടിയോട് 'നീ കരയുമ്പോള്‍ നിന്റെ അമ്മ ചിരിച്ച ദിവസം' എന്നു പറഞ്ഞ മഹത് വ്യക്തി, ഇന്ത്യന്‍ ശാസ്ത്ര ലോകത്തിന്റെ കുലപതി, പാഠ പുസ്തകങ്ങളിലൂടെയും വായനകളിലൂടെയുമല്ലാതെ പുതിയ തലമുറ നേരില്‍ കണ്ട മഹാന്‍, യുവാക്കളെ സ്വപ്നം കാണാന്‍ പഠിപ്പിച്ച, വിനയമാണ് മഹത്വം എന്ന് തെളിയിച്ച മനുഷ്യസ്നേഹി ആയിരുന്നു ഡോ. എ.പി.ജെ. അബ്ദുള്‍ കലാം എന്നും അദ്ദേഹത്തിന്റെ ബഹറിന്‍ സന്ദര്‍ശന വേളയില്‍ സംഘാടക സമിതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി കരുതുന്നതായും യോഗം അനുസ്മരിച്ചു.

റിപ്പോര്‍ട്ട്: ജഗത് കൃഷ്ണകുമാര്‍