'ലാന'യുടെ പത്താമത് നാഷണല്‍ കണ്‍വെന്‍ഷന്‍ ഡാളസില്‍
Tuesday, July 28, 2015 3:27 AM IST
ഡാളസ്: ലിറ്റററി അസോസ്സിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ലാന)യുടെ പത്താമത് നാഷണല്‍ കണ്‍വെന്‍ഷന്‍ ഡാലസിലുള്ള ഏട്രിയം ഹോട്ടല്‍ & സ്യൂട്ട്സില്‍ വച്ചു 2015 ഒക്ടോബര്‍ 30, നവംബര്‍ 1 തീയതികളില്‍ നടത്തുന്നതാണ്. വടക്കേ അമേരിക്കയിലുള്ള മലയാളി എഴുത്തുകാരുടെ ഏക ദേശിയ സംഘടനയാണ് ലാന മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഡാലസില്‍ വച്ചുള്ള കണ്‍വെന്‍ഷന്‍ ഒരു ചരിത്ര സംഭവമാക്കുവാനുള്ള തിരക്കിലാണ് ഡാലസിലുള്ള എഴുത്തുകാര്‍. ചിക്കാഗോയില്‍ നിന്നുള്ള ഷാജന്‍ ആനിത്തോട്ടം പ്രസിഡന്റായും ഡാലസില്‍ നിന്നുള്ള ജോസ് ഓച്ചാലില്‍ സെക്രട്ടറിയായും ന്യൂയോര്‍ക്കില്‍നിന്നുള്ള ജെ. മാത്യൂസ് ഖജാന്‍ജിയായുമുള്ള ലാന നാഷണല്‍ കമ്മറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

വടക്കേ അമേരിക്കയില്‍ നിന്നും കേരളത്തില്‍ നിന്നും കൂടാതെ ലോകത്തിന്‍റെ നാനാഭാഗങ്ങളിലും നിന്നുമുള്ള പ്രഗത്ഭരായ ധാരാളം എഴുത്തുകാര്‍ ഈ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതാണ്. രണ്ടു വര്‍ഷങ്ങളില്‍ ഒരിക്കല്‍ നടക്കുന്ന മഹത്തായ നാഷണല്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ള എഴുത്തുകാര്‍ മുന്‍കൂട്ടി തങ്ങളുടെ പേര് രജിസ്റര്‍ ചെയ്യേണ്ടതാണ്.

ഡാലസിലെ അമേരിക്കന്‍ മലയാളികളുടെയിടയില്‍ വളരെക്കാലമായി സജീവമായി പ്രവര്‍ത്തിക്കുന്ന കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാളസ് (കെഎല്‍എസ്) ആണ് ഈ വര്‍ഷത്തെ ലാന കണ്‍വെന്‍ഷന് ആതിഥേയത്വം വഹിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ലാന സെക്രട്ടറി ജോസ് ഓച്ചാലിലു(469 363 5642)മായോ കെ. എല്‍. എസ്. നേതാക്കളായ എബ്രഹാം തെക്കേമുറി(469 222 5521), ജോസന്‍ ജോര്‍ജ്ജ് (469 767 3208) എന്നിവരുമായോ ബന്ധപ്പെടാവുന്നതാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം