ബ്രിട്ടനില്‍ കൃത്രിമക്കണ്ണ് യാഥാര്‍ഥ്യമായി
Monday, July 27, 2015 8:19 AM IST
ലണ്ടന്‍: കാഴ്ചയില്ലാത്തവര്‍ക്കു പുതിയ പ്രതീക്ഷയുമായി കൃത്രിമക്കണ്ണ് പരീക്ഷണം വിജയം. മാഞ്ചസ്റര്‍ റോയല്‍ കണ്ണാശുപത്രിയില്‍ എണ്‍പത് വയസുള്ള റേ ഫ്ളിന്നിനാണു ബയോണിക് ഐ വച്ചുപിടിപ്പിച്ചത്.

റെറ്റിനയില്‍ ഘടിപ്പിക്കുന്ന പ്രത്യേക ഉപകരണമാണു ബയോണിക് കണ്ണ് എന്നറിയപ്പെടുന്നത്. വിജയകരമായി ബയോണിക് കണ്ണ് വച്ചു പിടിപ്പിച്ച ആദ്യ ശസ്ത്രക്രിയയാണു മാഞ്ചസ്റര്‍ റോയല്‍ കണ്ണാശുപത്രിയില്‍ നടന്നത്.

ജൈവ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ബയോണിക് കണ്ണില്‍ കാഴ്ച സൃഷ്ടിക്കുന്നത്. കണ്ണടയില്‍ ഘടിപ്പിച്ചിരിക്കുന്ന ചെറു കാമറയിലൂടെ ദൃശ്യങ്ങള്‍ ബയോണിക് കണ്ണില്‍ എത്തുന്നു. ദൃശ്യങ്ങള്‍ വൈദ്യുത മിടിപ്പുകളായി മാറുകയും റെറ്റിനയില്‍ ഉദ്ദീപനം സൃഷ്ടിച്ച് കാഴ്ച സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്. ജൂണ്‍ ആദ്യമാണ് ശസ്ത്രക്രിയ നടന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍