ലോകകപ്പ് യോഗ്യത: ജര്‍മനിയും ചെക്ക് റിപ്പബ്ളിക്കും ഒരേ ഗ്രൂപ്പില്‍
Monday, July 27, 2015 8:17 AM IST
ബര്‍ലിന്‍: ലോകകപ്പ് ഫുട്ബോളിന്റെ യൂറോപ്പിലെ യോഗ്യത റൌണ്ട് മത്സരക്രമമായി. ഫ്രാന്‍സ്, ഹോളണ്ട്, സ്വീഡന്‍ ടീമുകള്‍ ഉള്‍പ്പെടുന്നത് ഗ്രൂപ്പ് എയിലാണ്. ഇവരില്‍ കുറഞ്ഞത് ഒരു ടീമിനെങ്കിലും ലോകകപ്പ് കളിക്കാതെ പുറത്തിരിക്കേണ്ടിവരും.

ഗ്രൂപ്പ് ജിയില്‍ സ്പെയിനും ഇറ്റലിയും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഗ്രൂപ്പ് സിയില്‍ ജര്‍മനിയും ചെക്ക് റിപ്പബ്ളിക്കും മുഖാമുഖം വരും. ഇംഗ്ളണ്ട്, വെയ്ല്‍സ്, ക്രോയേഷ്യ ടീമുകള്‍ക്ക് മുന്നേറ്റം എളുപ്പമാണ്. 2018ല്‍ റഷ്യയിലാണ് അടുത്ത ലോകകപ്പ്.

2016 സെപ്റ്റംബര്‍ നാലിനാണു യൂറോപ്പില്‍ ലോകകപ്പ് യോഗ്യതാറൌണ്ട് ആരംഭിക്കുന്നത്. ഒമ്പത് ഗ്രൂപ്പില്‍നിന്നായി 52 ടീമുകള്‍ മത്സരിക്കാനിറങ്ങും. ഒമ്പത് ഗ്രൂപ്പു ചാമ്പ്യന്മാര്‍ നേരിട്ട് യോഗ്യത നേടുമ്പോള്‍ എട്ടു മികച്ച രണ്ടാം സ്ഥാനക്കാര്‍ പ്ളേ ഓഫ് കളിക്കും. 13 ടീമുകള്‍ക്കാണ് ഇത്തവണ യൂറോപ്പില്‍നിന്നു മത്സരത്തിലൂടെ യോഗ്യതയുള്ളത്. ഇതിനുപുറമേ ആതിഥേയരായ റഷ്യയും യൂറോപ്പില്‍നിന്ന് ലോകകപ്പ് കളിക്കാനുണ്ടാകും.

ഗ്രൂപ്പ് ബിയില്‍ പോര്‍ച്ചുഗലും സ്വിറ്റ്സര്‍ലന്‍ഡുമാണു കരുത്തരായ ടീമുകള്‍. ഗ്രൂപ്പ് സിയില്‍ നിലവിലെ ചാമ്പ്യന്മാരായ ജര്‍മനിക്കു ചെക്ക് റിപ്പബ്ളിക്കാകും വെല്ലുവിളിയുയര്‍ത്തുന്നത്. ഗ്രൂപ്പ് ഡിയില്‍ ഗാരത് ബെയ്ലിന്റെ വെയ്ല്‍സിനു ലോകകപ്പ് യോഗ്യതക്കായി മികച്ച അവസരമാണ് ഒരുങ്ങിയിരിക്കുന്നത്. സെര്‍ബിയ, അയര്‍ലന്‍ഡ് ടീമുകളാണു ഗ്രൂപ്പിലെ പ്രബലര്‍.

ഇ ഗ്രൂപ്പില്‍ പോരാട്ടം കടുപ്പമാണ്. റുമാനിയ, പോളണ്ട്, ഡെന്മാര്‍ക്ക് ടീമുകള്‍ നേര്‍ക്കുനേര്‍ വരുന്നു. എഫ് ഗ്രൂപ്പില്‍ ഇംഗ്ളണ്ടിന് കാര്യങ്ങള്‍ എളുപ്പമാണ്. അയല്‍ക്കാരായ സ്കോട്ട്ലന്‍ഡ്, സ്ളൊവാക്യ, സ്ളൊവേനിയ ടീമുകളാണ് ഇംഗ്ളീഷ് ടീമിനു വെല്ലുവിളി ഉയര്‍ത്താനുള്ളത്. ഗ്രൂപ്പ് ജിയില്‍ മുന്‍ ലോകചാമ്പ്യന്‍മാരുടെ പോരാട്ടമാണ്. സ്പെയിന്‍, ഇറ്റലി ടീമുകളാണ് ഈ ഗ്രൂപ്പിലെ ശക്തര്‍. എച്ചില്‍ ബെല്‍ജിയം, ബോസ്നിയ, ഗ്രീസ് ടീമുകള്‍ കളിക്കുന്നതിനാല്‍ പോരാട്ടം കടുപ്പമേറിയതാകും. ഐ ഗ്രൂപ്പില്‍ ക്രോയേഷ്യക്ക് തുര്‍ക്കിയും യുക്രെയ്നും വെല്ലുവിളിയുയര്‍ത്താനുണ്ടാകും.

ഗ്രൂപ്പ് എ

ഹോളണ്ട്, ഫ്രാന്‍സ്, സ്വീഡന്‍, ബള്‍ഗേറിയ, ബലാറസ്, ലക്സംബര്‍ഗ്

ഗ്രൂപ്പ് ബി

പോര്‍ച്ചുഗല്‍, സ്വിറ്റ്സര്‍ലന്‍ഡ്, ഹങ്കറി, ഫറോദ്വീപുകള്‍, ലാത്വിയ, അന്‍ഡോറ

ഗ്രൂപ്പ് സി

ജര്‍മനി, ചെക്ക് റിപ്പബ്ളിക്, വടക്കന്‍ അയര്‍ലന്‍ഡ്, നോര്‍വെ, അസര്‍ബെയ്ജാന്‍, സാന്‍ മാരിനോ

ഗ്രൂപ്പ് ഡി

വെയ്ല്‍സ്, ഓസ്ട്രിയ, സെര്‍ബിയ, അയര്‍ലന്‍ഡ്, മള്‍ഡോവ, ജോര്‍ജിയ

ഗ്രൂപ്പ് ഇ

ഇംഗ്ളണ്ട്, സ്ളൊവാക്യ, സ്കോട്ട്ലന്‍ഡ്, സ്ളൊവേനിയ, ലിത്വാനിയ, മാള്‍ട്ട

ഗ്രൂപ്പ് ജി

സ്പെയിന്‍, ഇറ്റലി, അല്‍ബേനിയ, ഇസ്രായേല്‍, മാസിഡോണിയ, ലിച്ച്ടെന്‍സ്റ്റൈന്‍.

ഗ്രൂപ്പ് എച്ച്

ബെല്‍ജിയം, ബോസ്നിയ, ഗ്രീസ്, എസ്തോണിയ, സൈപ്രസ്.

ഗ്രൂപ്പ് ഐ

ക്രോയേഷ്യ, ഐസ്ളന്‍ഡ്, യുക്രെയ്ന്‍, തുര്‍ക്കി, ഫിന്‍ലന്‍ഡ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍