വിയന്നയില്‍ വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ ജൂലൈ 29 ബുധനാഴ്ച മുതല്‍
Monday, July 27, 2015 5:18 AM IST
വിയന്ന: വിയന്ന സെന്റ് മേരീസ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ ജൂലൈ 29 (ബുധനാഴ്ച) മുതല്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ളതുപോലെ , പഠനത്തോടൊപ്പം വിനോദവും അടിസ്ഥാനമാക്കി കുട്ടികളുടെ പ്രിയപ്പെട്ട സ്നേഹിതന്‍ ഫാ. ജോഷി വെട്ടിക്കാട്ടില്‍ ഒരുക്കുന്ന വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍, ഈ വര്‍ഷവും (സെന്റ് മേരീസ് സണ്െടസ്കൂളിന്റെ നേതൃത്വത്തില്‍ ) 2015 ജൂലൈ 29, 30, 31, ഓഗസ്റ് ഒന്ന് തിയതികളിലായി നടത്തപ്പെടുന്നു.

മൂന്നു മുതല്‍ 18 വരെ പ്രായമുള്ള കൊച്ചു കുട്ടികള്‍ക്കുവേണ്ടി ഒരുക്കുന്ന വിനോദ, വിജ്ഞാന, ബൈബിള്‍ സ്കൂളില്‍, വിയന്നയിലെ കൊച്ചു കൂട്ടുകാര്‍ക്ക് ഏറെ പ്രിയങ്കരരായ വൈദികര്‍ , പാട്ടും കഥകളും കളികളുമായി അണിനിരക്കുന്നു.

സത്യവേദപുസ്തക പഠനത്തില്‍ കുട്ടികള്‍ക്ക് കൂടുതല്‍ താത്പര്യം ജനിപ്പിക്കുകയും അവരുടെ ദൈനംദിന ജീവിതത്തില്‍ ക്രിസ്തീയ വിശ്വാസം മുറുകെപ്പിടിക്കുവാന്‍ അവരെ പ്രാപ്തരാക്കുവാന്‍ ഉപകരിക്കുന്ന ഉപദേശങ്ങള്‍ ചിത്രരചനയിലൂടെയും കഥകളിലൂടെയും ക്ളാസ്സുകളിലൂടെയും ആക്ഷന്‍ സോംഗുകളിലൂടെയും പ്രസംഗങ്ങളിലൂടെയും മറ്റും നല്‍കുക എന്നതാണു ഈ ഉദ്യമത്തിന്റെ ലക്ഷ്യം

വിയന്ന അതിരൂപത സഹായ മെത്രാന്‍ ഫ്രാന്‍സ് ഷാരള്‍ വിബിഎസ് ദിവസങ്ങളില്‍ കുട്ടികളുമായി സംസാരിക്കുകയും വളരുന്ന തലമുറയെ വിശ്വാസത്തില്‍ ഉറപ്പിക്കാന്‍ പ്രോത്സാഹനം നല്‍കുകയും ചെയ്യും എന്നതും ഈ വര്‍ഷത്തെ പ്രത്യേകതയാണ്

വിയന്നയിലെ കൂട്ടുകാര്‍ക്ക് ഏറെ ഇഷ്ടമുള്ള വിവിധ ക്രെെസ്തവ സഭകളിള്‍നിന്നുള്ള വൈദികരായ ഫാ.വില്‍സണ്‍ പൂവത്തുമ്മണ്ണില്‍, ഫാ .ജിജോ വാകപ്പറമ്പില്‍, ഫാ. ജോയേല്‍ കോയിക്കര, ഫാ. ഷൈജു പള്ളിച്ചാന്‍കുടിയില്‍, കൊളോണില്‍നിന്നുമുള്ള ബ്ര. ജസ്റിന്‍ അരിക്കല്‍ എന്നിവര്‍ ക്ളാസുകള്‍ക്കു നേതൃത്വം കൊടുക്കുന്നു

ജൂലൈ 29 ബുധനാഴ്ച 9.30 മുതല്‍ 5:30 വരെയും, ജൂലൈ 30 വ്യാഴം 9.30 മുതല്‍ 5:30 വരെയും , ജൂലൈ 31 വെള്ളി 9.30 മുതല്‍ 5.30 വരെയും , ഓഗസ്റ് ഒന്നിനു ശനിയാഴ്ച 9:30 മുതല്‍ 12:30 വരെയുമായിരിക്കും ക്ളാസുകള്‍.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍