ഫുജൈറ കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ സെമിനാര്‍ സംഘടിപ്പിച്ചു
Saturday, July 25, 2015 8:40 AM IST
ഫുജൈറ: കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍, ദശ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി 'പ്രവാസി പ്രശ്നങ്ങളും സംഘടനകളും' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.

ജൂലൈ 24നു (വെള്ളി) ഔവര്‍ ഓവന്‍ സ്കൂള്‍ ഹാളില്‍ നടന്ന സെമിനാര്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് ദുബായി ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. കൈരളി സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് സൈമണ്‍ സാമുവല്‍ മോഡറേറ്റര്‍ ആയിരുന്നു. യുഎയിലെ പ്രമുഖ സംഘടനകളെ പ്രതിനിധീകരിച്ചു ഐഎസ്സിസി കല്‍ബ ജനറല്‍ സെക്രട്ടറി കെ.സി. അബൂബക്കര്‍, ഐഎസ്സി ഖോര്‍ഫക്കാന്‍ കള്‍ച്ചറല്‍ സെക്രട്ടറി കെ.പി. സുകുമാരന്‍, കെഎംസിസി ഫുജൈറ ട്രഷറര്‍ സയിദ് അലി, റാസല്‍ഖൈമ ചേതന പ്രതിനിധി പ്രശാന്ത്, ഷാര്‍ജ മാസ് എക്സികൂട്ടീവ് അംഗം രഘുനാഥ്, പ്രവാസി സാഹിത്യകാരന്‍ സത്യന്‍ മാടാക്കര, കൈരളി ഫുജൈറ യുണിറ്റ് സെക്രട്ടറി സി.കെ. ലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രവാസികളുടെ കല, സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുവാന്‍ പൊതുവില്‍ പ്രവാസി സംഘടന കള്‍ക്ക് ആവുന്നുണ്െടങ്കിലും സംഘടനകളുടെ ബാഹുല്യം ആളുകള്‍ തമ്മിലുള്ള ബന്ധങ്ങളെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് കോണ്‍സുല്‍ ജനറല്‍ കെ. മുരളീധരന്‍ പറഞ്ഞു.

പ്രവാസികളുടെ പണം വേണ്ട തരത്തില്‍ കാര്യക്ഷമമായി ഉപയോഗിക്കുവാന്‍ സംഘടനകള്‍ സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടതിനെ സംബന്ധിച്ചും പ്രവാസികള്‍ ജീവിതം ക്രമപ്പെടുത്തേണ്ടതിനെക്കുറിച്ചും പ്രവാസി പുനരധിവാസം, പ്രവാസി വോട്ട്, വര്‍ധിച്ചു വരുന്ന അന്ധ വിശ്വാസങ്ങള്‍, യാത്ര പ്രശ്നങ്ങള്‍, ചികിത്സ പ്രശ്നങ്ങള്‍, എന്‍ആര്‍ഐ കോട്ട തുടങ്ങി വിവിധ വിഷയങ്ങള സെമിനാര്‍ ചര്‍ച്ച ചെയ്തു. സെമിനാര്‍ പ്രവാസി സംഘടനകള്‍ തമ്മില്‍ കൂടുതല്‍ യോജിച്ചു പ്രവര്‍ത്തിക്കേണ്ടത്തിന്റെ അനിവാര്യതയെ കുറിച്ചും അതുവഴി പ്രവാസി സുഹൃത്തുക്കളുടെ പ്രശ്നങ്ങളില്‍ കൂടുതല്‍ ഇറങ്ങി ചെല്ലേണ്ടതിനെ കുറിച്ചും വിശദമായി ചര്‍ച്ച ചെയ്തു.

ഈസ്റ് കോസ്റ് മേഘലയില്‍ നിന്നും നൂറില്‍പരം പ്രതിനിധികള്‍ സെമിനാറില്‍ പങ്കെടുത്തു. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സന്തോഷ്കുമാര്‍ സ്വാഗതവും പ്രസിഡന്റ് അബ്ദുള്‍ റസാഖ് നന്ദിയും പറഞ്ഞു.