അഴിമതി ആരോപണം സ്പോണ്‍സര്‍മാരെ അകറ്റുന്നു: ഫിഫ
Saturday, July 25, 2015 8:39 AM IST
സൂറിച്ച്: ഫിഫയുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന അഴിമതി ആരോപണങ്ങള്‍ സ്പോണ്‍സര്‍മാരെ വ്യാപകമായി അകറ്റിക്കൊണ്ടിരിക്കുകയാണെന്ന് ഫിഫയുടെ വെളിപ്പെടുത്തല്‍.

അടുത്ത ലോകകപ്പിന് ആവശ്യത്തിന് സ്പോണ്‍സര്‍മാരെ കണ്ടെത്താന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍, നിലവിലുള്ള സ്പോണ്‍സര്‍മാരുടെ യോഗം അടുത്ത മാസം വിളിച്ചുകൂട്ടാന്‍ ഉദ്ദേശിക്കുന്നു.

അഴിമതി ആരോപണങ്ങളുടെ ഗൌരവം മനസിലാക്കുന്നതില്‍ ഫിഫ പരാജയപ്പെട്ടെന്ന് മുഖ്യ സ്പോണ്‍സര്‍മാരിലൊരാളായ വീസ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. ഇത്തരം പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍, അഴിമതി വിഷയത്തെക്കുറിച്ച് ആഴത്തില്‍ പഠിക്കാന്‍ പതിനൊന്നംഗ ദൌത്യ സമിതിയെ നിയോഗിക്കാനും ഫിഫ തീരുമാനിച്ചിട്ടുണ്ട്.

ആരോപണങ്ങളെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് കൊക്ക കോള, മക്ഡോണാള്‍ഡ്സ്, വീസ എന്നിവര്‍ ഫിഫയ്ക്കു കത്തും നല്‍കിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് സ്പോണ്‍സര്‍മാരുടെ യോഗം വിളിച്ചിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍