സന്ദര്‍ശന വീസയിലെത്തുന്നവര്‍ക്കു ആരോഗ്യ ഇന്‍ഷ്വറന്‍സ് പോളിസി വേണം: സൌദി ആരോഗ്യ ഇന്‍ഷ്വറന്‍സ് കൌണ്‍സില്‍
Saturday, July 25, 2015 8:35 AM IST
ദമാം: സൌദിയിലെത്തുന്ന വിദേശികള്‍ക്കു ചുരുങ്ങിയത് ഒരു ലക്ഷം റിയാലിന്റെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പോളിസിയുണ്ടായിരിക്കണമെന്ന് സൌദി ആരോഗ്യ ഇന്‍ഷ്വറന്‍സ് കൌണ്‍സില്‍ വ്യക്തമാക്കി.

സന്ദര്‍ശന വീസയിലെത്തുന്നവര്‍ക്കുള്ള പരിശോധന, രോഗ നിര്‍ണയം,ആശുപത്രികളില്‍ കിടത്തി ചികിത്സ, ഗര്‍ഭ കാല ചികിത്സ, പ്രസവം,അത്യഹിത ഘട്ടത്തിലുള്ള ചികിത്സ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്ന ആരോഗ്യ ഇന്‍ഷ്വറന്‍സ് വ്യവസ്ഥ സൌദി ആരോഗ്യ ഇന്‍ഷ്വറന്‍സ് കൌണ്‍സില്‍ അംഗീകരിച്ചു.

വൃക്ക രോഗികള്‍ക്കു ഡയാലിസു നടത്തുന്നതിനും റോഡപകടങ്ങളില്‍ ചികിത്സ ലഭ്യമാക്കുന്നതിനും പോളിസി സഹായിക്കും.

കഴിഞ്ഞ വര്‍ഷമാണ് സൌദിയില്‍ സന്ദര്‍ശന വീസകളിലെത്തുന്നവര്‍ക്കു ആരോഗ്യ ഇന്‍ഷ്വറന്‍സ് ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ മന്ത്രിസഭ പാസാക്കിയത്.

സൌദിയില്‍ മരണമടയുന്നവരുടെ മൃതദേഹം മാതൃ രാജ്യത്ത് എത്തിക്കുന്നതിനുള്ള ചെലവും പോളിസിയില്‍ ഉള്‍പ്പെടും.

വിദേശ രാജ്യങ്ങളില്‍ വീസ സ്റാമ്പു ചെയ്യുമ്പോള്‍ നൂറു മുതല്‍ 150 റിയാല്‍ വരെ നല്‍കിയാണ് ഇന്‍ഷ്വറന്‍സ് പോളിസി എടുക്കേണ്ടതെന്ന് ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്സ് ഇന്‍ഷ്വറന്‍സ് സമിതി തലവന്‍ ഖല്‍ദൂന്‍ ബറകാത്ത് അറിയിച്ചു.

സന്ദര്‍ശന വീസ പുതുക്കുമ്പോഴും ഇന്‍ഷ്വറന്‍സ് പോളിസി രേഖ സമര്‍പ്പിക്കണം.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം