മുസ്ലിം ലീഗ് റിലീഫ് ഫണ്ടിലേക്ക് ദുബായി കെഎംസിസിയുടെ 20 ലക്ഷം
Thursday, July 23, 2015 8:14 AM IST
ദുബായി: തീരദേശത്തെ ജനങ്ങളുടെ പട്ടിണിയും പ്രയാസവും അകറ്റാന്‍ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന തീരദേശ റിലീഫിനു ദുബായി കെഎംസിസി സംസ്ഥാന കമ്മിറ്റി 20 ലക്ഷം രൂപ നല്‍കി.

മീനാകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ടും കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരനിയമവും ട്രോളിംഗ് നിരോധനവും കാരണം കടുത്ത വറുതിയിലായ തീരദേശ കുടുംബങ്ങളെ സഹായിക്കാനും ആശ്വാസം പകരാനുമുള്ള പ്രവര്‍ത്തനങ്ങളാണ് മുസ്ലിം ലീഗ് നടത്തുന്നത്.

ദുബായി കെഎംസിസി സംസ്ഥാന സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കര്‍ സംസ്ഥാന കമ്മിറ്റിയുടെ ഫണ്ട് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കു കൈമാറി. ചടങ്ങില്‍ ദുബായി കെഎംസിസി സംസ്ഥാന കമ്മിറ്റി വിവിധ ജില്ലാ കമ്മിറ്റികള്‍ക്ക് നല്‍കുന്ന റിലീഫ് ഫണ്ടും കൈമാറി. ചടങ്ങില്‍ മുസ്ലിം ലീഗ് അഖിലേന്ത്യാ ട്രഷറര്‍ പി.കെ. കുഞ്ഞാലികുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, അബ്ദുറഹ്മാന്‍ രണ്ടത്താണി എംഎല്‍എ, കുട്ടി അഹമ്മദ് കുട്ടി, കെഎംസിസി ഭാരവാഹികളായ ഉമ്മര്‍ ആവയില്‍, അബ്ദുള്‍ ഖാദര്‍ അരിപ്പാബ്ര എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍