ജര്‍മനിയില്‍ വിദേശ വിദ്യര്‍ഥികളുടെ പഠനത്തിനു കൂടുതല്‍ അവസരം നല്‍കും
Thursday, July 23, 2015 8:11 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മന്‍ സാമ്പത്തിക, വ്യാപാര, വ്യവസായ മേഖലകളില്‍ വിദഗ്ധ പഠനമുള്ള നിരവധി പേരെ ആവശ്യമുള്ള ഈ സമയത്ത് ജര്‍മന്‍ യൂണിവേഴ്സിറ്റികളില്‍ വിദേശ വിദ്യര്‍ഥികള്‍ക്കു കൂടുതല്‍ സീറ്റുകള്‍ നല്‍കുമെന്നു ജര്‍മന്‍ വിദ്യാഭ്യാസ മന്ത്രി ജോഹാന്ന വാങ്കെ പറഞ്ഞു.

ജര്‍മന്‍ അക്കഡേമിക് എക്സ്ചേഞ്ച് സര്‍വീസ് ഓഫീസിന്റെ പുതിയ കണക്കനുസരിച്ച് 2014 ല്‍ 19,000 വിദേശ വിദ്യര്‍ഥികള്‍ ജര്‍മനിയില്‍ പഠനം, ഉപരിപഠനം, ഗവേഷണം എന്നിവ നടത്തി. അമേരിക്കയും, ഇംഗ്ളണ്ടും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിദേശ വിദ്യര്‍ഥികള്‍ പഠിക്കുന്നതു ജര്‍മനിയിലാണ്. ഇപ്പോഴത്തെ വിദേശ വിദ്യാര്‍ഥികളുടെ എണ്ണം അടുത്ത അഞ്ചു വര്‍ഷം കൊണ്ട് 35,000 ആയി ഉയര്‍ത്തുമെന്നും വിദ്യാഭ്യാസ മന്ത്രി ജോഹാന്ന വാങ്കെ പറഞ്ഞു.

ജര്‍മന്‍ യൂണിവേഴ്സിറ്റികളില്‍ പഠിച്ച് പഠനം വിജയകരമായി പൂര്‍ത്തിയാക്കി പുറത്തുവരുന്ന വിദേശ വിദ്യര്‍ഥികള്‍ക്കു സാമ്പത്തിക, വ്യാപാര, വ്യവസായ മേഖലകള്‍ 50 ശതമാനം പോലും വിശ്വാസ്യത നല്‍കാത്ത ഇപ്പോഴത്തെ അവസ്ഥ മാറ്റിയാലേ ഇവരുടെ സേവനം ഇവിടെ പ്രയോജനപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. വിദേശ വിദ്യാര്‍ഥികളുടെ കാര്യക്ഷമത, വൈവിധ്യമാര്‍ന്ന കഴിവുകള്‍, ക്ളേശകരമായ സാഹചര്യങ്ങളെ നേരിടാനുള്ള കഴിവുകള്‍ എന്നിവ സംശയകരമായി വിലയിരുത്തുന്ന മനോഭാവവും മാറണം.

ജര്‍മനിയില്‍ വിദഗ്ധ പഠനം പൂര്‍ത്തിയാക്കിയ വിദേശ വിദ്യാര്‍ഥികളുടെ ഇപ്പോഴത്തെ ജോലി ലഭ്യത ഇപ്രകാരമാണ്: 11.6 ശതമാനം ജോലി ലഭിക്കാതെ ജര്‍മനിയില്‍ അന്വേഷണം നടത്തുന്നു. 9.4 ശതമാനത്തിന് താത്കാലിക ജോലി മാത്രം ലഭിക്കുന്നു. 9.0 ശതമാനം ജോലി ലഭിച്ചിട്ടും തൃപ്തരല്ലാതെ മറ്റു ജോലിക്കായി അന്വേഷണം തുടരുന്നു. ബാക്കിയുള്ളവര്‍ പഠനം കഴിഞ്ഞ് സ്വന്തം രാജ്യത്തേക്കോ, മറ്റു രാജ്യങ്ങളിലേക്കോ പോകുന്നു. എന്നാല്‍ 67,000 ജര്‍മന്‍ വിദ്യാര്‍ഥികള്‍ തങ്ങളുടെ ഉപരിപഠനം, ഗവേഷണം എന്നിവയ്ക്കായി വിദേശത്ത് പോകുന്നതായി വിദ്യാഭ്യാസ വകുപ്പിന്റെ പഠനത്തില്‍ കണ്െടത്തി.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍