ബോള്‍ട്ടണ്‍ തിരുനാള്‍ ഓഗസ്റ് ഏഴു മുതല്‍ ഒമ്പതു വരെ
Thursday, July 23, 2015 6:02 AM IST
ലണ്ടന്‍: ബോള്‍ട്ടണ്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ ഓഗസ്റ് ഏഴു മുതല്‍ ഒമ്പതു വരെ ദിവസങ്ങളിലായി നടക്കും.

ഏഴിനു (വെള്ളി) വൈകുന്നേരം 6.30ന് തിരുനാള്‍ ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ച് സാല്‍ഫോര്‍ഡ് രൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ ഫോ തോമസ് തൈക്കൂട്ടത്തില്‍ കൊടിയേറ്റുന്നതോടെ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്കു തുടക്കമാകും. തുടര്‍ന്നു ലദീഞ്ഞ്, തിരുസ്വരൂപ പ്രതിഷ്ഠയും പ്രസുദേന്തിവാഴ്ചയും കുര്‍ബാനയും നടക്കും.

ശനി ഉച്ചകഴിഞ്ഞ് ഒന്നു മുതല്‍ നാലുവരെ 'ആരാധന പാരമ്പര്യങ്ങള്‍' എന്ന വിഷയത്തെ ആസ്പദമാക്കി പ്രത്യേക ക്ളാസ് നടക്കും. 6.30നു നടക്കുന്ന വിശുദ്ധ കുര്‍ബാനക്ക് മോണ്‍. ജോണ്‍ ഡെയില്‍ കാര്‍മികനാകും.

പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ 10.45ന് ആഘോഷപൂര്‍വമായ തിരുനാള്‍ കുര്‍ബാനക്ക് റവ. ഡോ ജോസഫ് പാലയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിക്കും. മോണ്‍. ജോണ്‍ ഡെയില്‍, ഫാ മാത്യു ചൂരപൊയ്കയില്‍, ഫാ തോമസ് തൈക്കുട്ടത്തില്‍ തുടങ്ങിയവര്‍ സഹകാര്‍മികരാകും.

തുടര്‍ന്നു പരിശുദ്ധ അമ്മയുടെ തിരുസ്വരൂപവും വഹിച്ച് ഭക്തിനിര്‍ഭരമായ തിരുനാള്‍ പ്രദക്ഷിണത്തിന് തുടക്കമാകും. യുകെയിലെ പ്രമുഖ ചെണ്ടമേള ടീമായ ബോള്‍ട്ടണ്‍ ബാറ്റ്സ് പ്രദക്ഷിണത്തില്‍ മേളപ്പെരുക്കം തീര്‍ക്കും. പ്രദക്ഷിണം തിരികെ പള്ളിയില്‍ പ്രവേശിച്ച ശേഷം വിശുദ്ധ കുര്‍ബാനയുടെ ആശിര്‍വാദവും തുടര്‍ന്നു സ്നേഹ വിരുന്നും ഉണ്ടായിരിക്കും.

പാരിഷ് ഹാളില്‍ നടക്കുന്ന കലാപരിപാടികളില്‍ ഇടവകയിലെ കുട്ടികളും മുതിര്‍ന്നവരും പങ്കെടുക്കും.

തിരുനാള്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുത്ത് പരിശുദ്ധ അമ്മയുടെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും സാല്‍ഫോര്‍ഡ് രൂപത സീറോ മലബാര്‍ ചാപ്ളെയിന്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍ സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍