ഇന്ത്യന്‍ വംശജരായ അമേരിക്കന്‍ പൌരന്മാര്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നത് നിയമവിരുദ്ധം
Thursday, July 23, 2015 6:00 AM IST
ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറുകയും അമേരിക്കന്‍ പൌരത്വം ലഭിക്കുകയും ചെയ്തവര്‍, ഇന്ത്യയില്‍ തിരിച്ചു വന്ന് ഇന്ത്യന്‍ പാസ്പോര്‍ട്ടിന് അപേക്ഷിക്കുന്നത് ഇന്ത്യന്‍ നിയമങ്ങള്‍ക്കു വിരുദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നല്‍കി.

വീസയില്‍ കൃത്രിമം നടത്തിയെന്നാരോപിച്ചു അറസ്റ് ചെയ്യുകയും കേസെടുക്കുകയും ചെയ്ത ന്യൂയോര്‍ക്ക് മുന്‍ ഇന്ത്യന്‍ ഡപ്യൂട്ടി കോണ്‍സുലര്‍ ജനറല്‍ ദേവയാനി കോബ്രഗഡയുടെ കുട്ടികള്‍ ഇന്ത്യന്‍ പാസ് പോര്‍ട്ടിനു സമര്‍പ്പിച്ച അപേക്ഷ തളളിക്കൊണ്ടാണ് ഇന്ത്യന്‍ ഹോം മിനിസ്ട്രി ഉത്തരവിറക്കിയത്.

അമേരിക്കന്‍ പൌരത്വം മറച്ചുവച്ച് ഇന്ത്യന്‍ പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കിയത് കുറ്റകരമാണെന്നും ഹോം മിനിസ്ട്രി വ്യക്തമാക്കി. ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചു ദേവയാനിയുടെ കുട്ടികള്‍ക്കു ലഭിച്ച ഇന്ത്യന്‍ പാസ്പോര്‍ട്ട് റദ്ദാക്കിയ നടപടി ഡല്‍ഹി ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടിരുന്നു.

അമേരിക്കയിലേക്കു യാത്ര ചെയ്യുന്നതിനു മാത്രമാണു അമേരിക്കന്‍ പാസ്പോര്‍ട്ടെന്നും ഇന്ത്യയില്‍ താമസിക്കാന്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടിന് (ഇരട്ട പൌരത്വം) അര്‍ഹതയുണ്െടന്നുമുളള വാദമാണു ഹോം മിനിസ്ട്രി തള്ളിക്കളഞ്ഞത്.

വിദേശ നയതന്ത്ര പ്രതിനിധികളുടെ മക്കള്‍ക്കു വിദേശ പാസ്പോര്‍ട്ട് ഉണ്െടങ്കിലും ഇന്ത്യയില്‍ താമസിക്കുന്ന കാലഘട്ടത്തില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് അനുവദിക്കുന്നുണ്െടന്നും മന്ത്രാലയം വ്യക്തമാക്കി.

വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കാതെ ദേവയാനി രണ്ട് പെണ്‍മക്കള്‍ക്ക് ഇന്ത്യന്‍ പാസ്പോര്‍ട്ട് സംഘടിപ്പിച്ചത്. ഇന്ത്യന്‍ നിയമങ്ങളുടെ ലംഘനമാണെന്നും ഇത് ദേവയാനിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്നും എംഇഎ വ്യക്തമാക്കി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍