വാല്‍സിംഗ്ഹാം മരിയഭക്തരാല്‍ നിറഞ്ഞുകവിഞ്ഞു
Thursday, July 23, 2015 5:56 AM IST
വാല്‍സിംഗ്ഹാം: നിറഞ്ഞു കവിഞ്ഞ മാതൃഭക്തരാലും അവിരാമം ആലപിച്ച മാതൃ ഭക്തി സ്തോത്രങ്ങളാലും അഖണ്ഡ ജപമാല സമര്‍പ്പണത്താലും ഭംഗിയോടും ചിട്ടയോടും കൂടി അണി അണിയായി നിരന്ന തീര്‍ഥാടകരാലും ആത്മീയ സമര്‍പ്പണത്തിന്റെ മൂര്‍ധന്യ അനുഭവം പകര്‍ന്ന തീര്‍ഥാടന തിരുനാള്‍ ദിവ്യബലിയും ഒമ്പതാമത് വാല്‍സിംഗ്ഹാം മരിയന്‍ തീര്‍ഥാടനം അവിസ്മരണീയ പ്രഘോഷണോത്സവമായി.

തീര്‍ഥാടനത്തില്‍ മുഖ്യകാര്‍മികരായി പങ്കെടുത്ത സിബിസിഐ വൈസ് പ്രസിഡന്റും തൃശൂര്‍ ആര്‍ച്ചു ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, തീര്‍ഥാടന മുഖ്യാതിഥിയും തക്കല രൂപതാധ്യക്ഷനുമായ മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ എന്നിവര്‍ തങ്ങളുടെ സംയുക്ത ശുശ്രൂഷകളിലൂടെ മരിയന്‍ തീര്‍ഥാടനയാത്രയും സമര്‍പ്പണ തിരുനാള്‍ ദിവ്യബലിയും തിരുനാള്‍സന്ദേശവും അനുബന്ധ ശുശ്രൂഷകളും ആത്മീയവിരുന്നാക്കി.

തീര്‍ഥാടനത്തിന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നടത്തിയ പ്രാര്‍ഥനശുശ്രൂഷയോടെ, ഫ്രൈഡേ മാര്‍ക്കറ്റിലുള്ള അനൌണ്‍സിയേഷന്‍ ചാപ്പലില്‍ ഭക്തി നിര്‍ഭരമായ തുടക്കമായി. വാല്‍സിംഗ്ഹാമിനു മാത്രമായിട്ടുള്ള ആംഗ്ളിക്കന്‍ ബിഷപ് മാര്‍ക്ക് ഡേവിസ് ഏവരെയും സ്വാഗതം ചെയ്തു.

യുകെ, റോം, ജര്‍മനി, ആസാം, കേരളം എന്നിവിടങ്ങളില്‍നിന്നെത്തിയ സീറോ മലബാര്‍ സഭാ വൈദികരും സിസ്റേഴ്സും വാല്‍സിംഗ്ഹാം മാതാവിന്റെ രൂപം തോളില്‍ ഏന്തി നീങ്ങിയ ആതിഥേയരായ ഹണ്ടിംഗ്ടന്‍ സെന്റ് അല്‍ഫോന്‍സ കുടുംബ കൂട്ടായ്മക്കൊപ്പം ഏറ്റവും പിന്നിലായി അണിനിരന്നു. നോട്ടിംഗ്ഹാം വാദ്യമേളവും സ്വര്‍ണക്കുരിശും മുത്തുക്കുടകളും കൊടികളും പേപ്പല്‍ പതാകകളുംകൊണ്ട് വര്‍ണാഭമായ തീര്‍ഥയാത്രയില്‍ മാര്‍ രാജേന്ദ്രന്‍ മാതൃ ഭക്തരുടെ മധ്യസ്ഥ പ്രാര്‍ഥനകള്‍ കൂട്ടിച്ചേര്‍ത്ത ദിവ്യകാരുണ്യം എഴുന്നള്ളിച്ചു മാതൃ പേടകത്തിന്റെ മുന്നിലായി നടന്നു നീങ്ങി.

തീര്‍ഥാടനം സ്ളിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്നപ്പോള്‍ വിശ്വാസിസമൂഹത്തിനു മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രാര്‍ഥന ചൊല്ലിക്കൊടുത്തു. മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ സമാപന ആശീര്‍വാദം നല്‍കി. തുടര്‍ന്നു കുട്ടികളുടെ അടിമവയ്ക്കലിനുശേഷം ഉച്ചഭക്ഷണത്തിനു പിരിഞ്ഞു.

ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍ സ്ളിപ്പര്‍ ചാപ്പല്‍ റെക്ടര്‍ ഏവരെയും സ്വാഗതം ചെയ്തു. മുഖ്യാതിഥിയായ മാര്‍ ജോര്‍ജ് രാജേന്ദ്രന്‍ മുഖ്യ കാര്‍മികത്വം വഹിച്ച ആഘോഷമായ സമൂഹ ബലിയില്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. തോമസ് പാറയടിയില്‍, തീര്‍ഥാടന കോഓര്‍ഡിനേറ്റര്‍മാരായ ഫാ. മാത്യു ജോര്‍ജ്, ഫാ. ഫിലിപ്പ് പന്തംമാക്കല്‍, ഫാ. ടെറിന്‍ മുള്ളക്കര, ഫാ. സാജു മുല്ലശേരി, ഫാ.ടോമി ചിറക്കല്‍, ഫാ. ജോസ് ഉമ്പാവു മണവാളന്‍, ഫാ. തോമസ് അരീക്കാട്ട്(തലശേരി), ഫാ.ബിനോയി വര്‍ഗീസ് (റോം), ഫാ. ടെബിന്‍ പുത്തന്‍പുരക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. മാര്‍ ആന്‍ഡ്രൂസ് താഴത്ത് തിരുനാള്‍സന്ദേശം നല്‍കി.

ശുശ്രൂഷകള്‍ക്കൊടുവില്‍ മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, ആതിഥേയരായ ഹണ്ടിംഗ്ടന്‍ സെന്റ് അല്‍ഫോന്‍സ കുടുംബ കൂട്ടായ്മയെ അനുഗ്രഹിച്ചു. മാര്‍ ആന്‍ഡ്രൂസ് താഴത്ത് നോര്‍വിച്ച് സീറോ മലബാര്‍ കമ്യൂണിറ്റിയെ അടുത്ത വര്‍ഷത്തെ പ്രസുദേന്തിമാരായി വാഴിച്ചു.

ഹണ്ടിംഗ്ടന്‍ ചെറിയ സമൂഹത്തിന്റെ വലിയ സംഘാടകത്വം വിളിച്ചോതിയ തീര്‍ഥാടനം

ഏറ്റവും മികച്ച സംഘാടകത്വംകൊണ്ടു തീര്‍ഥാടനത്തെ എക്കാലത്തെക്കാളും കൂടുതല്‍ അവിസ്മരണീയവും അനുഗ്രഹ പൂരിതവുമാക്കുകയും കഴിഞ്ഞ ഒരു വര്‍ഷത്തെ അക്ഷീണ പ്രവര്‍ത്തനങ്ങളും പ്രാര്‍ഥനകളും യഥാര്‍ഥ വിജയമാക്കുവാന്‍ കഴിയുകയും ചെയ്ത ഈ കൊച്ചുസമൂഹം തീര്‍ഥാടന വേദിയില്‍ ഏറെ പ്രശംസിക്കപ്പെട്ടു.

ഹണ്ടിംഗ്ഡന്‍ കൂട്ടായ്മ തങ്ങളുടെ ഒത്തൊരുമയും അതിന്റെ ശക്തിയും വിളിച്ചോതിയ തീര്‍ഥാടനത്തില്‍ ഏവര്‍ക്കും മരിയന്‍ സ്തോത്രവും വാല്‍സിംഗ്ഹാം അദ്ഭുത ചരിത്രവും അടങ്ങിയ പുസ്തകങ്ങള്‍ വിതരണം ചെയ്യുകയും പ്രാഥമിക ആവശ്യങ്ങള്‍ക്കും ഭക്ഷണത്തിനും ഒരുക്കങ്ങള്‍ ഭംഗിയായി നടത്തുകയും പാര്‍ക്കിംഗ്, ട്രാഫിക് എന്നിവയില്‍ യാതൊരു പരാതിയും ഇല്ലാതെ നിയന്ത്രിച്ചതും ശ്രദ്ധേയമായി.

എത്തിച്ചേര്‍ന്ന ആയിരക്കണക്കിനു തീര്‍ഥാടകരെ അടുക്കും ചിട്ടയുമായി സമയാതീതമായി അണിനിരത്തി നടത്തിയ തീര്‍ഥാടനം കൂടുതല്‍ ആകര്‍ഷകമാക്കി. തീര്‍ഥാടനം വര്‍ണാഭമാക്കുവാന്‍ ഒരുക്കിയ മുത്തുക്കുടകളും കൊടികളും പേപ്പല്‍ ഫ്ളാഗുകളും മരിയോത്സവത്തിനു നിറം പകര്‍ന്നു. ജെനി, ലീഡോ, ജിജോ തുടങ്ങി എല്ലാ സെന്റ് അല്‍ഫോന്‍സ കുടുംബാംഗങ്ങളും കഴിഞ്ഞ ഒരു വര്‍ഷത്തെ നീണ്ട അശ്രാന്ത പ്രവര്‍ത്തനങ്ങള്‍ അവര്‍ക്കിത് അനുഗ്രഹമാവട്ടെയെന്നാണ് എല്ലാ തീര്‍ഥാടകരുടെയും പ്രാര്‍ഥന.

ജീവിത തീര്‍ഥാടനപാതയില്‍ ത്യാഗവും സഹനവും പരമവിജയത്തിന് അനിവാര്യം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്

സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ നടന്ന ഏറ്റവും വലിയ ആഘോഷമായ വാല്‍സിംഗ്ഹാം തീര്‍ഥാടനത്തിന്റെ ഒമ്പതാമത് മരിയോത്സവത്തില്‍ തൃശൂര്‍ അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഏറെ ചിന്തോദ്ദീപകവും കുടുംബ ജീവിതക്കാര്‍ക്ക് അനിവാര്യവുമായ ഉപദേശങ്ങളും തിരുനാള്‍സന്ദേശത്തിലൂടെ പങ്കുവച്ചു. തിരുനാള്‍സന്ദേശം മാതൃ ശക്തി ഉറക്കെ പ്രാഖ്യാപിക്കുന്ന ഒന്നായി. കുടുംബജീവിതക്കാരുടെ തുണയും മാതൃകയും അനുഗ്രഹവും ശക്തിയുമായ അമ്മയെ ഭവനത്തില്‍ കുടുംബ നാഥയായി കുടിയിരുത്തേണ്ടതിന്റെ അനിവാര്യത അദ്ദേഹം പ്രത്യേകം ഓര്‍മിപ്പിച്ചു. ജീവിതമെന്ന തീര്‍ഥാടനത്തില്‍ സഹനങ്ങളും ത്യാഗവും സമര്‍പ്പണവും അനിവാര്യമാണെന്നും സ്വര്‍ഗ കവാടം പ്രാപിക്കും വരെ അവ സഹിഷ്ണതയോടെ ഉള്‍ക്കൊള്ളാനും നേരിടാനും തയാറായാലേ പരമ വിജയം നേടുവാന്‍ കഴിയൂ. എളിമയുടെയും സഹനത്തിന്റെയും സഹായത്തിന്റെയും കരുണയുടെയും സ്നേഹത്തിന്റെയും ആദ്യന്തിക ശക്തിയായ മാതാവിനോടുള്ള പാരമ്പര്യ വിശ്വാസ തീക്ഷ്ണത നെഞ്ചിലേറ്റി ഇവിടെ തിങ്ങിനിറഞ്ഞിരിക്കുന്ന പ്രവാസി മാതൃഭക്തര്‍ക്ക് പ്രത്യേക അനുഗ്രഹങ്ങള്‍ പ്രാപ്യമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പ കുടുംബഭദ്രതയെ ആകുലതയോടെ നോക്കി കാണുമ്പോള്‍ അതിന്റെ അതീവ ഗൌരവം നാം ഉള്‍ക്കൊള്ളുവാന്‍ തയാറാവണമെന്നും സ്വയം പരിചിന്തനം നടത്തണമെന്നും മാര്‍ ആന്‍ഡ്രൂസ് താഴത്ത് വിശ്വാസികളെ ഓര്‍മിപ്പിച്ചു.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ