യൂറോ സോണിനു സ്വന്തം പാര്‍ലമെന്റ്?
Wednesday, July 22, 2015 7:57 AM IST
ബ്രസല്‍സ്: യൂറോസോണിനു സ്വന്തമായി പാര്‍ലമെന്റ് വേണമെന്ന ആവശ്യം ഒരിക്കല്‍ക്കൂടി ശക്തമാകുന്നു. ഗ്രീക്ക് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദാണ് ഈ ആവശ്യത്തിനു പുതുജീവന്‍ നല്‍കിയിരിക്കുന്നത്.

യൂറോപ്യന്‍ പൌരന്‍മാര്‍ക്ക് പൊതു കറന്‍സിയില്‍ നഷ്ടമായ വിശ്വാസം വീണ്ടെടുക്കാന്‍ ഇതാവശ്യമാണെന്നും ഒളാന്ദ് അഭിപ്രായപ്പെട്ടു.

സ്വന്തമായി പാര്‍ലമെന്റ് രൂപീകരിക്കപ്പെടുമ്പോള്‍ സ്വന്തമായ ബജറ്റും ഉണ്ടാകണം. യൂറോസോണിനെ ശക്തിപ്പെടുത്താന്‍ അതു സഹായിക്കും. ഗ്രീസ് നേരിട്ടതു പോലുള്ള പ്രതിസന്ധികള്‍ മേഖലയെ ആകെ ബാധിക്കാതിരിക്കാനും ഇതാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ജാക്വസ് ഡെലോര്‍സാണ് മുമ്പ് ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചിട്ടുള്ളത്. പുതിയ സാഹചര്യത്തില്‍ ഒളാന്ദിന്റെ ആവശ്യം കൂടുതല്‍ സജീവമായി ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍