ജര്‍മനിയും റഷ്യയും പരസ്പരവിശ്വാസം വീണ്ടെടുക്കണം: ഗോര്‍ബച്ചേവ്
Wednesday, July 22, 2015 7:55 AM IST
മോസ്കോ: ജര്‍മനിയും റഷ്യയും തമ്മില്‍ നഷ്ടപ്പെട്ട പരസ്പരവിശ്വാസം വീണ്ടെടുക്കാന്‍ ഇരുരാജ്യങ്ങളിലെയും നേതാക്കള്‍ പരിശ്രമിക്കണമെന്ന് സോവ്യറ്റ് യൂണിയന്റെ അവസാനത്തെ പ്രസിഡന്റ് മിഖായില്‍ ഗോര്‍ബച്ചേവ്.

യുക്രയ്ന്‍ പ്രശ്നത്തിന്റെ പേരിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ രൂക്ഷമായ അഭിപ്രായവ്യത്യാസങ്ങള്‍ രൂപപ്പെട്ടത്. പാശ്ചാത്യ ശക്തികള്‍ റഷ്യയ്ക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തിയതോടെ വിള്ളല്‍ വര്‍ധിക്കുകയും ചെയ്തു.

1989ല്‍ ബര്‍ലിന്‍ മതില്‍ തകര്‍ക്കാന്‍ പശ്ചിമ ജര്‍മനിയെയും പൂര്‍വ ജര്‍മനിയെയും പ്രേരിപ്പിക്കുന്നതില്‍ ഗോര്‍ബച്ചേവ് വഹിച്ച പങ്ക് നിര്‍ണായകമായിരുന്നു. റഷ്യയ്ക്കും ജര്‍മനിക്കും സഹകരിക്കാന്‍ കഴിയില്ലെന്നാണ് അന്ന് എല്ലാവരും കരുതിയത്. എന്നിട്ടും ഏറ്റവും അടുത്ത സഖ്യ രാജ്യങ്ങളായി ജര്‍മനിയും റഷ്യയും മാറുകയായിരുന്നു- അദ്ദേഹം ചൂണ്ടിക്കാട്ടി.

അതുപോലെ, ഇപ്പോഴത്തെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ച് ഇരുരാജ്യങ്ങള്‍ പൂര്‍വാധികം ശക്തമായ ബന്ധം സ്ഥാപിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍