ജര്‍മനിയില്‍ യുവതിയെ ശല്യംചെയ്ത അസാധാരണ പൂവാലനെ അറസ്റു ചെയ്തു
Wednesday, July 22, 2015 7:55 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയില്‍ യുവതിയുടെ പുറകേ നടന്നു ശല്യം ചെയ്ത പൂവാലനെ പോലീസ് അറസ്റു ചെയ്ത് സ്റേഷനിലെത്തിച്ചു. ജര്‍മനിയിലെ നോര്‍ഡ്റൈന്‍ വെസ്റ്ഫാളന്‍ സംസ്ഥാനത്തെ ബോട്ട്റോപ് എന്ന സ്ഥലത്താണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്.

ലോക്കല്‍ പോലീസ് സ്റേഷനിലേക്ക് തികച്ചും അസാധാരണമായ ഒരു ഫോണ്‍ കോള്‍ വന്നു. ഉടന്‍ വന്ന് തന്നെ സഹായിക്കണമെന്നും തന്നെ കഠിനമായി ശല്യം ചെയ്യുന്നു എന്നായിരുന്നു ഫോണ്‍ കോള്‍ ചെയ്ത യുവതിയുടെ പരാതി. യുവതിയുടെ പരാതി കേട്ടതും അണ്ണാനാണോ, പൂവലനാണോ എന്നൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ അഡ്രസ് ചോദിച്ച് പോലീസ് അവരുടെ വസതിയില്‍ പാഞ്ഞെത്തി. അപ്പോഴാണ് തങ്ങള്‍ക്കു അമളി പറ്റിയ കാര്യം പോലീസിനു മനസിലായത്. യുവതിയെ പുറകെ നടന്നു ശല്യം ചെയ്യുന്നത് ഒരു അണ്ണാനായിരുന്നുവെന്നുള്ളത്. എങ്കിലും പോലീസ് തങ്ങള്‍ക്കു പറ്റിയ ജാള്യത മറച്ചുവച്ച് അണ്ണാനെ കസ്റഡിയിലെടുത്ത് പോലീസ് സ്റേഷനിലെത്തിച്ചു.

മൃഗസംരക്ഷണ നിയമം അനുസരിച്ച് ജര്‍മനിയില്‍ അണ്ണാനെ കൊല്ലാനോ, തുറന്നു വിടാനോ പോലീസിന് അധികാരമില്ല. ഇനി ഏതെങ്കിലും ഒരു മൃഗസംരക്ഷണ കേന്ദ്രം ഈ അണ്ണാനെ ഏറ്റെടുക്കുന്നതവരെ പോലീസ് അണ്ണാനു തീറ്റ കൊടുക്കുകയും സംരക്ഷിക്കുകയും ചെയ്യണം.

ബോട്ട്റോപ് പോലീസിനു പറ്റിയ ഈ അമളി ജര്‍മന്‍ ചരിത്രത്തില്‍ ആദ്യമാണ്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍