മനുഷ്യസ്നേഹത്തിന്റെ ഉത്തമ മാതൃകയായി യുക്മ മിഡ്ലാന്‍ഡസ് റീജണ്‍
Wednesday, July 22, 2015 6:09 AM IST
ലണ്ടന്‍: യുക്മയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്‍കി സംഘടനയുടെ നെടുംതൂണായി എക്കാലവും നിലകൊണ്ടിട്ടുള്ള റീജണ്‍ ആണ് ഈസ്റ് ആന്‍ഡ് വെസ്റ് മിഡ്ലാന്‍ഡ്സ്. നാഷണല്‍ കമ്മിറ്റിയുടെ ഏതൊരു പരിപാടിയും ഏറ്റെടുത്ത് പൂര്‍ണ വിജയത്തില്‍ എത്തിച്ച പാരമ്പര്യം ആണ് റീജണിനുള്ളത്. ഏറ്റവും ഒടുവിലായി യുക്മ നാഷണല്‍ കമ്മിറ്റി ആഹ്വാനം ചെയ്ത നേപ്പാള്‍ ചാരിറ്റി ധനസഹായ ശേഖരണത്തിലും റീജണ്‍ സംഘടനാ സംവിധാനങ്ങള്‍ പൂര്‍ണമായി ഉപയോഗിച്ച് അംഗ സംഘടനകളില്‍ നിന്നും സംഭാവനകള്‍ സ്വീകരിക്കുന്നത് അവസാനിച്ചപ്പോള്‍ പുത്തന്‍ സാധ്യതകള്‍ തേടിയാണു മിഡ്ലാന്‍ഡ്സ് മാതൃകയായത്.

ജൂലൈ 18നു ബര്‍മിംഗ്ഹാമില്‍ സട്ടോണ്‍ കോള്‍ഡ് ഫില്‍ഡില്‍ നടന്ന ദേശീയ കായികമേളയുടെ വേദിയില്‍ നേപ്പാള്‍ ചാരിറ്റിക്കുവേണ്ടി ചാരിറ്റി ഫുഡ് സ്റാള്‍ നടത്തിയാണ് റീജണ്‍ മാതൃക കാട്ടിയത്. യുക്മ ദേശിയ നിര്‍വാഹക സമിതി അംഗങ്ങളായ അനീഷ് ജോണ്‍, ടിറ്റോ തോമസ് എന്നിവര്‍ ചേര്‍ന്ന് ആദ്യ വില്‍പ്പന നടത്തി. സന്തോഷ് തോമസ്, ജോര്‍ജ് ദേവസി തുടങ്ങിയവര്‍ ഫണ്ട് സമാഹരണത്തിനു നേതൃത്വം നല്‍കി. യുക്മ പ്രസിഡന്റ് ഫ്രാന്‍സിസ് മാത്യു, യുക്മ ന്യൂസ് ചീഫ് എഡിറ്റര്‍ ബൈജു തോമസ്, യുക്മ മുന്‍ നാഷണല്‍ കമ്മിറ്റി അംഗം ബിനു മാത്യു, മൈക്ക പ്രസിഡന്റ് ജോണ്‍ മുളയിങ്കല്‍ തുടങ്ങിവര്‍ സ്റാള്‍ സന്ദര്‍ശിക്കുകയും ഉദ്യമത്തെ അഭിനന്ദിക്കുകയും ചെയ്തു.

ഫണ്ട് സമാഹരണത്തിനു സഹായിച്ച എല്ലാ യുക്മ നേതാക്കളെയും അംഗങ്ങളെയും റീജണല്‍ പ്രസിഡന്റ് ജയകുമാര്‍ നായര്‍ നന്ദി അറിയിച്ചു. യുക്മ യും ഡിസാസ്റര്‍ എമര്‍ജന്‍സി കമ്മിറ്റിയും പങ്കുചേരുന്നതാണ് യുക്മ നേപ്പാള്‍ ദുരിതാശ്വാസ പദ്ധതി. പതിമുന്നു ചാരിറ്റി സംവിധാനങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ശൃഖലയാണ് ഡിഇസി. മലയാളികളുടെ ജനകീയ സംഘടന എന്ന നിലയില്‍ യുക്മയ്ക്കുള്ള സ്വാധീനത്തിന്റെ നേര്‍ക്കാഴ്ചയാണു നേപ്പാള്‍ ചാരിറ്റിയിലൂടെ വെളിവാകുന്നത്.

റീജണില്‍നിന്നു സമാഹരിച്ച തുക സംബന്ധിച്ച വിശദവിവരങ്ങള്‍ വരും ദിവസങ്ങളില്‍ പരസ്യപ്പെടുത്തുമെന്ന് റീജണല്‍ ട്രഷറര്‍ സുരേഷ് കുമാര്‍, ചാരിറ്റി കോഓര്‍ഡിനെറ്റര്‍ ജോണ്‍സന്‍ യോഹന്നാന്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജയിംസ് ജോസഫ്