ഡിട്രോയിറ്റില്‍ ക്നാനായ റീജണ്‍ പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു
Tuesday, July 21, 2015 7:57 AM IST
ഡിട്രോയിറ്റ്: ഷിക്കാഗോ രൂപത ക്നാനായ റീജണിലെ വൈദികരുടെയും കൈക്കാരന്‍മാരുടേയും പാസ്റര്‍ കൌണ്‍സില്‍ അംഗങ്ങളുടെയും കണ്‍സള്‍ട്ടേഴ്സിന്റേയും സംയുക്ത യോഗം ജൂലൈ 18നു ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തില്‍ സംഘടിപ്പിച്ചു.

നോര്‍ത്ത് അമേരിക്കയിലെ ക്നാനായ സമൂഹത്തിന്റെ സാമുദായികവും സഭാപരവുമായ വളര്‍ച്ചയെ യോഗം വിലയിരുത്തി.

അമേരിക്കയിലെ പ്രവാസികളായ ക്നാനായക്കാര്‍ക്കായി 1983 മുതല്‍ ലത്തീന്‍ രൂപതയുടെ കീഴില്‍ വിവിധ ക്നാനായ മിഷനുകള്‍ രൂപപ്പെടുകയും തുടര്‍ന്നു 2001 ല്‍ ഷിക്കാഗോയില്‍ സീറോ മലബാര്‍ രൂപത സ്ഥാപിതമായപ്പോള്‍ ക്നാനായ സമൂഹം പ്രസ്തുത രൂപതയുടെ അജപാലന പരിധിയിലായി. ക്നാനായ സമുദായത്തിനായി വികാരി ജനറാളിനെ നിയമിക്കുകയും മിഷനുകളും ഇടവകകളും സ്ഥാപിക്കപ്പെട്ടിട്ടില്ലാത്ത സ്ഥലങ്ങളിലുള്ള ക്നാനായ കത്തോലിക്കരുടെ കാര്യങ്ങള്‍ ക്രോഡികരിക്കുവാനും സമുദായത്തെ സഭാത്മകമായി വളര്‍ത്തുവാനുമായി ഒരു ക്നാനായ റീജണ്‍ 2016 ല്‍ സ്ഥാപിച്ചു നല്‍കി. രൂപതയുടെ കീഴില്‍ പുതിയ ക്നാനായ ദേവാലയങ്ങളും മിഷനുകളും സ്ഥാപിക്കപ്പെട്ടു. സ്വന്തമായി ദേവാലയങ്ങളുള്ള 12 ഇടവകകളും ഒമ്പതു മിഷനുകളുമായി ക്നാനായ സമൂഹം വളര്‍ന്നുകൊണ്ടിരിക്കുന്നു. മിഷനുകളേയും ഇടവകകളെയും ക്രോഡീകരിച്ച് അഞ്ചു ഫൊറോനകളും സ്ഥാപിതമായി.

ക്നാനായ സമുദായത്തിന്റെ അജപാലന വളര്‍ച്ചയില്‍ ശക്തമായ നേതൃത്വമാണ് സീറോ മലബാര്‍ സഭയും കോട്ടയം അതിരൂപത മെത്രാന്‍മാരും രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തും നല്‍കിയിട്ടുള്ളത്. സഭാപരമായി ക്നാനായ സമുദായത്തെ വളര്‍ത്തുവാന്‍ തന്റെ അജപാലനാധികാരം പരമാവധി പ്രയോജനപ്പെടുത്താന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പരിശ്രമിച്ചിട്ടുണ്െടന്ന് യോഗം വിലയിരുത്തി.

റിപ്പോര്‍ട്ട്: സാജു കണ്ണമ്പള്ളി