ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2016 ഫെബ്രുവരി 26ന്
Monday, July 20, 2015 8:14 AM IST
ബര്‍ലിന്‍: ലോക ഫുട്ബോളിന്റെ സിരാകേന്ദ്രമായ ഫിഫായ്ക്ക് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനുള്ള തീയതി പ്രഖ്യാപിച്ചു. ഫിഫ ആസ്ഥാനമായ സൂറിച്ചില്‍ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോസഫ് സെപ് ബ്ളാറ്ററിന്റെ അധ്യക്ഷതയില്‍ ജൂലൈ 20നു (തിങ്കള്‍) ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് പുതിയ വോട്ടെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചത്.

2016 ഫെബ്രുവരി 26നു സൂറിച്ചില്‍ സമ്മേളിക്കുന്ന അസാധാരണ കോണ്‍ഗ്രസിലായിരിക്കും തെരഞ്ഞെടുപ്പു നടക്കുക.

തീയതി പ്രഖ്യാപിച്ചതിന്റെ പിന്നാലെ യുവേഫ പ്രസിഡന്റ് മിഷേല്‍ പ്ളറ്റിനിയെ (60) ഫിഫ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കി മല്‍സരിപ്പിക്കാനുള്ള ആവശ്യം ശക്തമായി ഉയര്‍ന്നുകഴിഞ്ഞു. യൂറോപ്പ്, ഏഷ്യ, കോണ്‍കോകാഫ് പ്രതിനിധികളുടെ മുഴുവന്‍ സഹായവും പിന്തുണയും പ്ളറ്റിനിക്കു നല്‍കുമെന്ന വെളിപ്പെടുത്തല്‍ മല്‍സര രംഗത്തെ ഇപ്പോള്‍ത്തന്നെ ചൂടുപിടിപ്പിച്ചുകഴിഞ്ഞു. ഇതിനിടെ ജര്‍മന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ (ഡിഎഫ്ബി) പ്രസിഡന്റ് വോള്‍ഫ്ഗാംങ് നിയേഴ്സ്ബാഹ് ഇക്കാര്യത്തില്‍ പന്ത് ഒരു മുഴം മുന്‍പില്‍ അടിച്ചത് പ്ളാറ്റിനിയുടെ വിജയസാധ്യത വര്‍ധിപ്പിക്കുന്നു. (ഡിഎഫ്ബി എന്നും പ്ളറ്റീനിക്ക് അനുകൂലമാണെന്ന കാര്യം വിസ്മരിക്കുന്നില്ല)

എന്നാല്‍, കാര്യങ്ങള്‍ ഇത്രയുമായിട്ടും പ്ളറ്റീനി ഇക്കാര്യത്തില്‍ ഇതുവരെയും ആരുടെ മുന്നിലും മനസു തുറന്നിട്ടില്ലെങ്കിലും അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ തീരുമാനം ഉണ്ടാവുമെന്ന് ഒന്നാം ടെലിവിഷന്‍ ചാനല്‍ ഉള്‍പ്പെടുന്ന ജര്‍മന്‍ മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നു.

എന്നാല്‍ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്നവര്‍ ഫെഡറേഷന്‍ നിയമപ്രകാരം ഈ വര്‍ഷം ഒക്ടോബര്‍ 26നു മുമ്പായി അവരുടെ സ്ഥാനാര്‍ഥിത്വം വെളിപ്പെടുത്തിയിരിക്കണമെന്നും സൂറിച്ചില്‍ ചേര്‍ന്ന ഫിഫ ഉന്നതാധികാര സമിതി വ്യക്തമാക്കി.

ഫിഫയുടെ എക്കാലത്തേയും പ്രായോജകരായ കൊക്കകോളയ്ക്കും മക്ഡോണാള്‍ഡിനും മേലില്‍ കൂച്ചുവിലങ്ങിടണമെന്ന ആവശ്യവും സൂറിച്ചില്‍ നടന്ന യോഗത്തില്‍ ഉയര്‍ന്നത് ഒരുപക്ഷേ ഇരുകമ്പനികളെയും പുറത്താക്കാനുള്ള പുറപ്പാടിന്റെ മുന്നോടിയായി ഫുട്ബോള്‍ ലോകം കരുതിയെങ്കില്‍ തെറ്റുപറയാനാവില്ല.

ഡോളര്‍ നോട്ടുകള്‍ ബ്ളാറ്ററിനുമേല്‍ പെരുമഴയായി

ബ്രിട്ടീഷ് കോമേഡിയനായ സിമോന്‍ ബ്രോഡ്കിന്‍ ആണ് 79 കാരനായ ഫിഫ തലവന്റെ മേല്‍ ഡോളര്‍ നോട്ടുകള്‍ വാരിയെറിഞ്ഞത്. ചലിക്കുന്ന കാമറക്കണ്ണുകള്‍ക്കു മുമ്പില്‍ നടന്ന സംഭവം ഏവരേയും അമ്പരപ്പിച്ചു. അഴിമതി വീരന്‍ ഫിഫ പ്രസിഡന്റ് ഡോളറില്‍ മുങ്ങിയിരിക്കുകയാണെന്നും അയാള്‍ പ്രതികരിച്ചു. യോഗം അലങ്കോലപ്പെടുത്തുന്നതിനു മുമ്പുതന്നെ സുരക്ഷാ ഭടന്മാര്‍ കോമഡിക്കാരനെ പിടിച്ചു പുറത്താക്കിയതുകൊണ്ടു അനിഷ്ട സംഭവങ്ങളൊന്നും അരങ്ങേറാതെ പോയി. എന്നാല്‍, സൂക്ഷ്മ നിരീക്ഷണത്തില്‍ ഡോളര്‍ നോട്ടുകള്‍ വ്യാജമാണെന്നും തെളിഞ്ഞു.

ഫിഫയില്‍ പരിഷ്കരണ ആവശ്യം ശക്തം

അടുത്ത പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനുമുമ്പ് ഫിഫയില്‍ പരിഷ്കരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന ആവശ്യം സംഘടനയ്ക്കുള്ളില്‍ ശക്തമായി. അഴിമതി ആരോപണങ്ങള്‍ പൂര്‍വാധികം ശക്തമായ സാഹചര്യത്തിലാണിത്. ബ്ളാറ്റര്‍തന്നെ ഇക്കാര്യത്തില്‍ ശക്തമായി പ്രതികരിച്ചതു പുതിയ പഴുതുകള്‍ കണ്ടിട്ടാണോയെന്നും സംശയിക്കുന്നവരുണ്ട്.

ഇതിനിടെ, ഫിഫയുടെ മുന്‍ വൈസ് പ്രസിഡന്റ് ജെഫ്രി വെബ് ന്യൂയോര്‍ക്ക് കോടതിയില്‍ ആരോപണങ്ങള്‍ നിഷേധിച്ചു. മാര്‍ക്കറ്റിംഗ് കരാറുകള്‍ക്കായി മില്യന്‍ കണക്കിനു ഡോളര്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണമാണു വെബ് നേരിടുന്നത്. പത്തു മില്യന്‍ ഡോളറിന്റെ ജാമ്യത്തിന് അദ്ദേഹത്തെ മോചിപ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു.

യുഎസ് ഫെഡറല്‍ ഏജന്‍സി പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 14 ഫിഫ ഉദ്യോഗസ്ഥരില്‍ ഒരാളാണു വെബ്.

ഫിഫ ഉദ്യോഗസ്ഥനെ സ്വിറ്റ്സര്‍ലന്‍ഡ് യുഎസിനു കൈമാറി

അഴിമതി കേസ് അന്വേഷണത്തിന്റെ ഭാഗമായി സ്വിറ്റ്സര്‍ലന്‍ഡ് ആദ്യമായൊരു ഫിഫ ഉദ്യോഗസ്ഥനെ യുഎസിനു കൈമാറി. എന്നാല്‍, ഇയാളുടെ പേര് വെളിപ്പെടുത്താന്‍ ഫെഡറല്‍ ഓഫീസ് ഓഫ് ജസ്റീസ് വിസമ്മതിച്ചു.

മൂന്നു പേരടങ്ങുന്ന യുഎസ് സംഘമാണ് ഇയാളെ വിമാനത്തില്‍ സൂറിച്ചില്‍നിന്ന് ന്യൂയോര്‍ക്കിലേക്കു കൊണ്ടുപോയതെന്നു മന്ത്രാലയ വക്താവ് അറിയിച്ചു. കീമാന്‍ ഐലന്‍ഡ്സ് പ്രതിനിധി ജെഫ്രി വെബ്ബാണ് ഇയാളെന്നാണു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

14 ഫിഫ ഉദ്യോഗസ്ഥരെയാണ് അമേരിക്കന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഏഴു പേരെ ഫിഫ കോണ്‍ഗ്രസിനു തൊട്ടു മുമ്പ് സ്വിസ് ഹോട്ടലില്‍നിന്ന് അറസ്റ് ചെയ്തിരുന്നു. ബാക്കി ഏഴു പേരില്‍ ഒരാളെയാണ് ഇപ്പോള്‍ സ്വിസ് അധികൃതര്‍ കൈമാറിയിരിക്കുന്നത്.

മാര്‍ക്കറ്റിംഗ് അവകാശങ്ങള്‍ വിവിധ സ്പോര്‍ട്സ് മാര്‍ക്കറ്റിംഗ് സ്ഥാപനങ്ങള്‍ക്കു വിറ്റതില്‍ മില്യന്‍കണക്കിനു ഡോളറിന്റെ ക്രമക്കേട് നടത്തിയ ആളെയാണ് കൈമാറിയിരിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

ഫിഫ അഴിമതി: സ്വിസ് അധികൃതര്‍ അന്വേഷണം വ്യാപിപ്പിക്കുന്നു

ഫിഫ ഉള്‍പ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണം സംബന്ധിച്ച അന്വേഷണം സ്വിറ്റ്സര്‍ലന്‍ഡ് അധികൃതര്‍ വ്യാപിപ്പിക്കുന്നു. 2018ലെ ലോകകപ്പ് വേദി റഷ്യയും 2022 ലേത് ഖത്തറും നേടിയതുമായി ബന്ധപ്പെട്ടാണ് ആരോപണങ്ങള്‍.

53 കേസുകളാണ് ഇതുവരെ അന്വേഷിച്ചുവന്നിരുന്നത്. ഇത് 81 ആക്കിയതായി സ്വിസ് അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നിരവധി ബാങ്ക് അക്കൌണ്ടുകള്‍ ഇതിനകം മരവിപ്പിച്ചുകഴിഞ്ഞെങ്കിലും ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

53 വ്യക്തികള്‍ അഥവാ കമ്പനികള്‍ ഉള്‍പ്പെട്ട കേസുകളില്‍ ഓരോന്നിലും ഒന്നിലേറെ പണമിടപാടുകള്‍ നടന്നതായി നേരത്തെ തന്നെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍