ഇസ്ലാമിസ്റ് ഭീകരതയ്ക്കെതിരേ കാമറോണിന്റെ പഞ്ചവത്സര പദ്ധതി
Monday, July 20, 2015 8:13 AM IST
ലണ്ടന്‍: ഇസ്ലാമിസ്റ് ഭീകരവാദം ഫലപ്രദമായി നേരിടുന്നതിനു ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ പഞ്ചവത്സര പദ്ധതി അവതരിപ്പിക്കും. ഇന്റഗ്രേഷനില്‍ വന്ന പിഴവുകളാണ് ഈ പ്രശ്നം ഇത്രയേറെ വളരാന്‍ കാരണമായതെന്ന് അദ്ദേഹം പ്രഖ്യാപിക്കും.

പ്രശ്നത്തിന്റെ മൂലകാരണമാണു പരിഹരിക്കാന്‍ ശ്രമിക്കുന്നത്. അക്രമാസക്തമല്ലാത്ത ഭീകരവാദവും നിയന്ത്രിക്കപ്പെടണം. ഇസ്ലാമിക് സ്റേറ്റ് പോലുള്ള ഭീകരസംഘടനകളുടെ മഹത്വത്കരണവും ഒഴിവാക്കപ്പെടേണ്ടതുണ്ട്.

ബ്രിട്ടനില്‍ ജനിച്ചുവളര്‍ന്ന ചിലര്‍ പോലും ബ്രിട്ടനെ മാതൃരാജ്യമായി അംഗീകരിക്കാതിരിക്കുകയും ഇവിടത്തെ ജനങ്ങളെ ശത്രുക്കളായി കാണുകയും ചെയ്യുന്നതായി ബര്‍മിംഗ്ഹാമില്‍ നടത്തുന്ന പ്രസംഗത്തില്‍ കാമറോണ്‍ ചൂണ്ടിക്കാട്ടും.

ഇസ്ലാമിക് സ്റേറ്റ് ആശയങ്ങളില്‍ ആകൃഷ്ടരായി സിറിയയിലേക്കും ഇറാക്കിലേക്കും പോകുന്നവരെ ഒരു മഹത്വവും കാത്തിരിക്കുന്നില്ലെന്ന വസ്തുതയ്ക്കു പ്രചാരം നല്‍കാനുള്ള പദ്ധതികളും പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍