പ്രതിച്ഛായ: സ്വിറ്റ്സര്‍ലന്‍ഡിന്റെ ഒന്നാം സ്ഥാനം പോയി
Saturday, July 18, 2015 8:06 AM IST
ബര്‍ലിന്‍: ലോകത്തെ ഏറ്റവും മികച്ച പ്രതിച്ഛായയുള്ള രാജ്യം എന്ന സ്ഥാനം സ്വിറ്റ്സര്‍ലന്‍ഡിനു നഷ്ടമായി. കോപ്പന്‍ഹേഗന്‍ ആസ്ഥാനമായ റെപ്യൂട്ടേഷന്‍ ഇന്‍സ്റിറ്റ്യൂട്ട് തയാറാക്കിയ റിപ്പോര്‍ട്ടില്‍ കാനഡക്കാണ് ഇക്കുറി ഒന്നാം സ്ഥാനം നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ ഒന്നാം സ്ഥാനക്കാരായ സ്വിറ്റ്സര്‍ലന്‍ഡ് ഇക്കുറി നോര്‍വേയ്ക്കും സ്വീഡനും പിന്നില്‍ നാലാമതു മാത്രം. സ്വിറ്റ്സര്‍ലന്‍ഡിന്റെ വീഴ്ചയ്ക്ക് എന്താണു കാരണമെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നില്ല.

ജി 8 രാജ്യങ്ങളിലെ 48,000 പേര്‍ക്കും പുറത്തുള്ള 30,000 പേര്‍ക്കും ഇടയില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് റാങ്കിംഗ് തയാറാക്കിയിരിക്കുന്നത്. നോര്‍വേയുടെ സഹ സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളും ഓസ്ട്രേലിയയും നെതര്‍ലന്‍ഡ്സും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.

ഒരു രാജ്യത്തെക്കുറിച്ച് നല്ല ധാരണയാണോ ഉള്ളത് തുടങ്ങിയ പൊതു ചോദ്യങ്ങളാണ് സര്‍വേയില്‍ ഉന്നയിക്കപ്പെട്ടത്. ആറു വര്‍ഷമായി നടത്തിവരുന്ന സര്‍വേയില്‍ നാലു വട്ടവും കാനഡ തന്നെയാണ് ഒന്നാമതെത്തിയിരിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍